
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ 130 കിലോ കഞ്ചാവുമായി അഞ്ചംഗ സംഘം പിടിയില്‍. കൊണ്ടോട്ടി സ്വദേശികളായ നവാസ് ഷെരീഫ്, മുഹമ്മദ് ഷഫീഖ്, അബ്ദുള്‍ സഹദ്, ബാലുശ്ശേരി സ്വദേശി അമല്‍, പത്തനംതിട്ട സ്വദേശി ഷഹദ് എന്നിവരാണ് പിടിയിലായത്. കാറില്‍ കഞ്ചാവ് കടത്തിയ സംഘത്തെ വഴിക്കടവ് എക്‌സൈസ് ചെക്‌പോസ്റ്റിലെ പരിശോധന നടത്തിയാണ് പിടികൂടിയത്.
സുഹൃത്തുക്കളായ പ്രതികള്‍ ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാടകയ്‌ക്കെടുത്ത കാറിലാണ് ഇവര്‍ ആന്ധ്രയിലേക്ക് പോയത്. തുടര്‍ന്ന് വന്‍തോതില്‍ കഞ്ചാവ് ശേഖരിച്ച് മഞ്ചേരിയിലേക്ക് കൊണ്ടു വരികയായിരുന്നു.

മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും വില്‍പ്പന നടത്താനായിരുന്നു പ്രതികള്‍ പദ്ധതി ഇട്ടിരുന്നതെന്നും പിടികൂടിയ കഞ്ചാവിന് അരക്കോടിയിലധികം രൂപ വിലവരുമെന്നും എക്‌സൈസ് അറിയിച്ചു.
അസിസ്റ്റണ്ട് എക്സൈസ് കമ്മീഷണര്‍ ടി.അനില്‍കുമാറിൻ്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണ കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ടി.ആര്‍ മുകേഷ് കുമാര്‍, എസ്.മധുസൂധനന്‍ നായര്‍, റിമേഷ് കെ.വി, പ്രിവന്റീവ് ഓഫീസര്‍ മുരുഗന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അലി, പി.സുബിന്‍, വിശാഖ്, രജിത്, സജിപോള്‍, അരുണ്‍ കുമാര്‍, ബസന്ത് കുമാര്‍, ഷംസുദ്ദീന്‍, നിതിന്‍, ഡ്രൈവര്‍ കെ.രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കോടതിയിൽ ഹാജരാക്കി.
