മഴ കനത്തു, കടൽ പ്രക്ഷുബ്ധം; കോഴിക്കോടും കൊല്ലത്തും ആലപ്പുഴയിലും മല്‍സ്യ ബന്ധന ബോട്ട് മറിഞ്ഞു, രണ്ടുപേരെ കാണാതായി, കനത്ത ജാഗ്രതാ നിർദ്ദേശം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മഴ കനത്തു, കടൽ പ്രക്ഷുബ്ധം; കോഴിക്കോടും കൊല്ലത്തും ആലപ്പുഴയിലും മല്‍സ്യ ബന്ധന ബോട്ട് മറിഞ്ഞു, രണ്ടുപേരെ കാണാതായി, കനത്ത ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: സംസ്ഥാനത്ത് കടല്‍ പ്രക്ഷുബ്ധം. പലയിടങ്ങളിലും വള്ളം മറിഞ്ഞ് അപകടം ഉണ്ടായി. കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലും ആണ് മൽസ്യ ബന്ധന വള്ളം മറിഞ്ഞത്. കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കിലിലും വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ചാലിയം സ്വദേശി അലി അസ്ക്കറിനെയാണ് കോഴിക്കോട് വള്ളം മറിഞ്ഞ് കാണാതായത്. ശക്തമായ മഴയാണ് വ്യാഴാഴ്‌ച കേരളത്തിൻ്റെ വിവിധ ജില്ലകളിൽ ലഭിച്ചത്.

ചാലിയത്ത് അപകടത്തില്‍പ്പെട്ടത് കാണാതായ ആള്‍ ഉള്‍പ്പെടെ ആറുപേര്‍ ആയിരുന്നു. ഇവരില്‍ അഞ്ചുപേരെ രക്ഷപ്പെടുത്തിയത് ഒരു വിദേശ കപ്പല്‍ ആണ് .തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിച്ചു. ഇവര്‍ ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മലയാളികളായ രണ്ട് പേരും ബംഗാള്‍ സ്വദേശികളായ രണ്ടുപേരുമാണ് കൊച്ചി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ചാലിയത്ത് നിന്ന് ഇരുപത് നോട്ടിക്കല്‍ മൈല്‍ ദൂരെയായിരുന്നു അപകടം. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.

കൊല്ലം അഴീക്കലില്‍ മറിഞ്ഞ ബോട്ടില്‍ 36 പേരുണ്ടായിരുന്നു. ഇതില്‍ ഒരാളെ കാണാതാകുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പറയകടവ് സ്വദേശി ബിച്ചുവിനെയാണ് കാണാതായത്. ശ്രീമുത്തപ്പനെന്ന ബോട്ടാണ് തിരയില്‍പ്പെട്ട് മറിഞ്ഞത്.

ആലപ്പുഴയിലും കടലില്‍ വള്ളം മുങ്ങി. തൊഴിലാളികളെ എല്ലാം രക്ഷപ്പെടുത്തി. വലിയഴീക്കല്‍ തുറമുഖത്തിന് സമീപം ആണ് അപകടം. തൊഴിലാളികളുടെ വല നഷ്ടപ്പെട്ടു. സർക്കാരിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പ് അവഗണിച്ചാണ് മൽസ്യ തൊഴിലാളികള്‍ കടലില്‍ ഇറങ്ങിയത്.

0Shares