
തൃശൂർ: ടി.ടി.ഇ കെ.വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ എഫ്.ഐ.ആറിൻ്റെ പകർപ്പ് പുറത്ത്. വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ട്രെയിനിൽ നിന്ന് പ്രതി രജനീകാന്ത് തള്ളിയിട്ടതെന്ന് എഫ്.ഐ.ആർ. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു. പിഴ ആവശ്യപ്പെട്ടതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് എഫ്.ഐ.ആർ.
എറണാകുളത്ത് നിന്നാണ് പ്രതി രജനീകാന്ത് ട്രെയിനിൽ കയറുന്നത്. തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷൻ എത്തുന്നതിന് മുമ്പാണ് ടിക്കറ്റിനെ സംബന്ധിച്ച് തർക്കം ഉണ്ടാകുന്നത്. പ്രതി ടിക്കറ്റ് എടുത്തിരുന്നില്ല. തുടർന്ന് പിഴ ഒടുക്കാൻ വിനോദ് ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പിഴ അടപ്പിച്ച ശേഷം വിനോദ് വാതിലിന് അഭിമുഖമായി നിൽക്കുകയായിരുന്നു. പിന്നാലെ ഇരുകൈകളും ഉപയോഗിച്ച് വിനോദിനെ പുറത്തേക്ക് തള്ളിയിടുക ആയിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പ്രതി രജനീകാന്ത് (42)ഒഡിഷ സ്വദേശിയാണ്. പ്രതി സംഭവം നടക്കുമ്പോൾ മദ്യലഹരിയിൽ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്.

റെയിൽവേ ട്രാക്കിൽ വീണ വിനോദിൻ്റെ ദേഹത്ത് കൂടി മറ്റൊരു ട്രെയിൻ കയറിയിറങ്ങി. വിനോദിൻ്റെ മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ പലയിടങ്ങളിൽ നിന്നുമാണ് ലഭിച്ചത്. കാൽ അടക്കം വേർപെട്ടു പോയിരുന്നു. വിനോദിൻ്റെ പോസ്റ്റ്‌മോർട്ടം നടന്നു. വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയിട്ടും പ്രതി രജനീകാന്തിന് കൂസലില്ലായിരുന്നു. ആർ.പി.എഫ് ചോദ്യം ചെയ്യുന്നതിനിടെ തള്ളിയെന്നും അവൻ വീണുവെന്നും പ്രതി പറഞ്ഞു. റെയിൽവേ പൊലീസ് പ്രതിയെ ചോദ്യം ചെയ്‌ത് കോടതിയിൽ ഹാജരാക്കും.
എറണാകുളം മഞ്ഞുമ്മലിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയത് കഴിഞ്ഞ മാസം 27നാണ്. അപ്രതീക്ഷിത ദുരന്തത്തെ പറ്റി ഒന്നും അറിയുന്നുണ്ടായിരുന്നില്ല അമ്മ. റെയിൽവേ ജീവനക്കാരത്തെി സൂചന നൽകും വരെ. എല്ലാവരുമായും നല്ല രീതിയിൽ ഇടപഴകിയിരുന്ന വിനോദിൻ്റെ ദുര്യോഗം അമ്മയെ തളര്‍ത്തി.
അച്ഛൻ്റെ മരണത്തെ തുടർന്നാണ് വിനോദിന് റെയിൽവേയിൽ ജോലി ലഭിച്ചത്. ഏറെ കാത്തിരുന്ന നിർമിച്ച വീടിൻ്റെ ഗൃഹപ്രവേശം നടത്തി ഏറെ നാൾ കഴിയും മുന്നെയാണ് ദാരുണ സംഭവം വിനോദിൻ്റെ ജീവനെടുത്തത്. റെയിൽവേയിലെ ജോലി വിനോദിന് ഉപജീവനമായിരുന്നു. സിനിമയിലെ അഭിനയം സ്വപ്‌നവും. ആ സ്വപ്‌നത്തിലേക്കുള്ള യാത്രക്കിടെയാണ് രജനീകാന്ത് എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂരത വിനോദിൻ്റെ ജീവനെടുത്തത്.
