
വിഴിഞ്ഞം സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ്പും സഹായമെത്രാനും അടക്കം അമ്പതോളം പേര്‍ പ്രതിപ്പട്ടികയില്‍. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോയാണ് ഒന്നാം പ്രതി. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിൻ്റെ എഫ്.ഐ.ആർ.
കേസില്‍ സഹായമെത്രാന്‍ ഡോ ആര്‍ ക്രിസ്തുദാസ് ഉള്‍പ്പടെയുള്ള വൈദികരാണ് പ്രതിപ്പട്ടികയിലുള്ളത്. വിഴിഞ്ഞം സമരം മൂലം തുറമുഖ പദ്ധതിക്കുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്നും ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സമരസമിതി ജനറല്‍ കണ്‍വീനറും ലത്തീന്‍ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ പെരേര അടക്കമുള്ളവര്‍ക്കെതിരെയും കേസുണ്ട്. ഇവര്‍ക്കെതിരെ വധശ്രമം, ഗൂഢാലോചന, പൊതുമുതല്‍ നശിപ്പിക്കല്‍,കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. ഇതിനിടെ രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു.

പൊതുമുതല്‍ നശിപ്പിച്ചാല്‍ നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി വിധി അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ നീക്കം. വിഴിഞ്ഞത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സമര സമിതിക്കെതിരെ ഒമ്പത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വധശ്രമം അടക്കുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
