
കാസർകോട്: നീലേശ്വരം നഗരത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കച്ചേരികടവ് പാലത്തിന് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചതായി എം.രാജഗോപാലൻ എം. എൽ .എ അറിയിച്ചു. 21.88 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് സാമ്പത്തികാനുമതി ലഭിച്ചത്.
ദേശീയപാതയിൽ നിന്നും നീലേശ്വരം നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ഏറെ പ്രയോജനപ്രദമാകുന്ന കച്ചേരിക്കടവ് പാലവും രാജാറോഡ് വികസനവും എന്ന പദ്ധതിയാണ് ഇതോടെ യാഥാർഥ്യമാകുക.
രാജാ റോഡ് വികസനത്തിന് നേരത്തെ 16.72 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ഇതില്‍ 9.75 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി അനുവദിക്കുകയും ചെയ്തിരുന്നു.

പാലം പണിക്കുള്ള സാമ്പത്തിക അനുമതി ലഭിച്ചതോടെ സാങ്കേതിക അനുമതിയും ടെൻഡർ നടപടിയും ഉടൻ പൂർത്തീകരിക്കാൻ കഴിയും. നഗരത്തിലെ ഗതാഗത കുരുക്കും ദേശീയപാതയിലേക്കുള്ള യാത്രാദുരിതത്തിനും ശാശ്വതമായ പരിഹരംകാണാന്‍ കഴിയുന്ന പദ്ധതിക്ക് ഇതോടെ 38.60 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിട്ടുള്ളത്.
യഥാക്രമം 24.85 മീറ്റർ, 26 മീറ്റർ, 55 മീറ്റർ എന്നിങ്ങനെ നീളമുള്ള ഒരോ സ്പാനും 12.5 മീറ്റർ നീളമുള്ള ആറു സ്പാനും ഉൾപ്പെടെ ഒൻപതു സ്പാനുകൾ ഉൾക്കൊള്ളുന്നതാണ് പാലം. 180.85 മീറ്റർ നീളമുള്ള പാലം 11 മീറ്റർ വീതിയിൽ ഇരു ഭാഗങ്ങളിലും നടപ്പാതയോട് കൂടിയാണ് നിർമ്മിക്കുക. രാജാ റോഡ് ഭാഗത്തേക്ക് 192 മീറ്ററും കാഞ്ഞങ്ങാട് ദേശീയപാത ഭാഗത്തേക്ക് 292 മീറ്ററും ഉൾപ്പെടെ 484 മീറ്റർ അനുബന്ധറോഡ് ഈ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടന്നും എം. എൽ. എ അറിയിച്ചു.
