വിദേശ കമ്പനികളെല്ലാം ലക്ഷ്യമിടുന്നത് കേരളത്തിലെ ഈ ജില്ലയെ; വരാൻ പോകുന്നത് അമ്പതിനായിരം തൊഴിലവസരങ്ങള്‍

You are currently viewing വിദേശ കമ്പനികളെല്ലാം ലക്ഷ്യമിടുന്നത് കേരളത്തിലെ ഈ ജില്ലയെ; വരാൻ പോകുന്നത് അമ്പതിനായിരം തൊഴിലവസരങ്ങള്‍

തിരുവനന്തപുരം: വരും വര്‍ഷങ്ങളില്‍ രാജ്യത്തെ സാങ്കേതിക വിദ്യയുടെ പ്രധാന കേന്ദ്രങ്ങളാകുന്ന നഗരങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരവും. ഇന്ത്യയിലെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബംഗളൂരുവിനോടു പോലും കിടപിടിക്കുന്ന വളര്‍ച്ചയാണ് തലസ്ഥാനം കൈവരിച്ചിരിക്കുന്നത്. ഐ.ടി കമ്പനികളുടെ കൂട്ടായ്‌മയായ നാസ്കോം, യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിലോയ്റ്റി എന്നീ കമ്പനികള്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

കൊച്ചിയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ്, സി.ഇ.ടി, യൂണിവേഴ്‌സിറ്റി കോളേജ്, ഐ.ഐ.എസ്.ടി, കൊച്ചിയിലെ ഇൻഫോപാര്‍ക്ക്, ഗവ. ലാ കോളേജ്, സ്‌കൂള്‍ ഒഫ് മാനേജ്മെണ്ട് സ്റ്റഡീസ് എന്നിവ നൈപുണ്യമുള്ള യുവതയെ സംഭാവന ചെയ്യുന്നതായും പഠനം വ്യക്തമാക്കുന്നു.

അഞ്ചുവര്‍ഷത്തിനിടെ 100ലേറെ കമ്പനികള്‍ മറ്റ് നഗരങ്ങളില്‍ നിന്ന് തലസ്ഥാനത്തേക്ക് ചേക്കേറിയിട്ടുണ്ട്. സംരംഭക സൗഹൃദാന്തരീക്ഷവും അടിസ്ഥാന സൗകര്യ വികസനവുമാണ് നേട്ടത്തിന് വഴിതെളിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് പുറമേ ക്ലൗഡ് കമ്പ്യുട്ടിംഗ്, മെഷീൻ ലേര്‍ണിംഗ്, ബിഗ്ഡേറ്റ, ബ്ലോക്ക് ചെയിൻ ടെക്നോളജി, നിര്‍മ്മിതബുദ്ധി എന്നീ രംഗങ്ങളിലെ സ്റ്റാര്‍ട്ടുപ്പുകളിലും വര്‍ദ്ധനവുണ്ടായി.

ടെക്നോപാര്‍ക്കിൻ്റെ പള്ളിപ്പുറത്തെ നാലാമത്തെ ഫെയിസായ ടെക്നോസിറ്റിയില്‍ 1000 സ്റ്റാര്‍ട്ടപ്പുകളെ ഉള്‍ക്കൊള്ളുന്ന സ്റ്റാര്‍ട്ടപ്പ് ഹബും കുതിപ്പിന് കാരണമാവും. അഞ്ചു വര്‍ഷത്തിനുള്ളില്‍ 49,000 തൊഴിലവസരങ്ങളാണ് ടെക്നോപാര്‍ക്കില്‍ സൃഷ്ടിക്കപ്പെടുന്നത്.

2030ല്‍ ഇന്ത്യ

ലോകത്തില്‍ ഏറ്റവും കൂടുതല്‍ നൈപുണ്യമുള്ള ആളുകളുള്ള രാജ്യമായി ഇന്ത്യ മാറും. സാങ്കേതികരംഗത്ത് 40 ശതമാനം തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കും. (2021- 2022ലെ കണക്കുകള്‍)

പഠിച്ചിറങ്ങിയ ബിരുദധാരികള്‍: 66,000- 70,000, ശാസ്ത്ര- സാങ്കേതിക- വിദ്യാഭ്യാസ- ആരോഗ്യ രംഗങ്ങളിലേക്ക് പ്രവേശിക്കുന്നവര്‍: 23,000- 25,000, ഐ.ടി കമ്ബനികളിലേക്ക് പോകുന്നവ‌ര്‍: 55,000,
ടെക് സ്റ്റാര്‍ട്ടപ്പുകള്‍: 550.

0Shares