
പാറശാലയില്‍ കഷായവും ജൂസും കുടിച്ചതിനെത്തുടര്‍ന്ന് ബിഎസ്‌സി വിദ്യാര്‍ഥി ഷാരോണിൻ്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ഷാരോണിൻ്റെ മരണത്തില്‍ പങ്കുണ്ടെന്ന് വനിതാ സൃഹൃത്ത് അന്വേഷണ സംഘത്തിനു മുന്നില്‍ കുറ്റസമ്മതം നടത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചു. പിന്നാലെ ഷാരോണിനു നല്‍കിയ കഷായത്തില്‍ വിഷപദാര്‍ഥം കലര്‍ത്തിയെന്നാണ് വിവരം.
പാറശാല പൊലീസില്‍നിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പെണ്‍കുട്ടിയെ സുദീര്‍ഘമായി ചോദ്യം ചെയ്തിരുന്നു. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്. അന്വേഷണ വിവരങ്ങള്‍ അറിയിക്കുന്നതിനായി എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ ഉടനെ മാധ്യമങ്ങളെ കാണും.

പൊലീസ് ചോദ്യം ചെയ്യുന്ന വനിതാ സുഹൃത്തിൻ്റെ വീട്ടില്‍നിന്ന് കഷായവും ജൂസും കഴിച്ചതിനു പിന്നാലെയാണ് ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനായതും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുന്നതും. റൂറല്‍ എസ്പി ഡി.ശില്‍പയുടെ നേതൃത്വത്തിലാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്.
