
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത ചമച്ച കേസ് റിപ്പോര്‍ട്ട് ചെയ്‌ത ദേശാഭിമാനി ദിനപ്പത്രത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസിൻ്റെ നോട്ടീസ്. തങ്ങള്‍ക്ക് അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചു, ഏഷ്യാനെറ്റിൻ്റെ എംബ്ലം ദുരുപയോഗം ചെയ്തു എന്നിവയാണ് ആരോപണങ്ങള്‍.
സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ തോമസ്, ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശൻ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. പത്ത് കോടിരൂപ നഷ്ടപരിഹാരം, ദേശാഭിമാനി പത്രത്തിലും ഓണ്‍ലൈനിലും മാപ്പപേക്ഷ പ്രസിദ്ധീകരിക്കല്‍ എന്നിവയാണ് ആവശ്യം. അതേസമയം, ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ കള്ളമാണെന്ന് ആരോപിച്ചിട്ടില്ല, വാര്‍ത്തകള്‍ ഏഷ്യാനെറ്റ് നിഷേധിച്ചിട്ടുമില്ല.

‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത ചമച്ചു, ഏഷ്യാനെറ്റിനെതിരെ പൊലീസ് അന്വേഷണം’ എന്ന മാര്‍ച്ച് നാലിന് പ്രസിദ്ധീകരിച്ച വാര്‍ത്തമുതല്‍ മാര്‍ച്ച് 25 വരെ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച 17 വാര്‍ത്തകള്‍ ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. ഇതേ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതും അപകീര്‍ത്തികരമാണെന്നും പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത ചമച്ചതിനെതിരെ പൊലീസ് അന്വേഷണം നടക്കുന്ന വിവരം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പി.വി അൻവറിൻ്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. ഇതാണ് മാര്‍ച്ച് നാലിന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് പൊലീസ് അന്വേഷണവും ക്രൈംബ്രാഞ്ച് കേസ് എടുത്തതടക്കമുള്ള വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാജ വീഡിയോ ചിത്രീകരണ കേസിൻ്റെ അടിസ്ഥാനത്തില്‍ മാധ്യമ ധാര്‍മ്മികത സംബന്ധിച്ചും അത് കാറ്റില്‍ പറത്തുന്നതിനെതിരായ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയും വാര്‍ത്ത കൊടുത്തു.
വ്യാജ വീഡിയോ ചിത്രീകരണ കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. അതിനു മുമ്പ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിൻ യൂസഫിനെയും റസിഡണ്ട് എഡിറ്റര്‍ ഷാജഹാൻ കാളിയത്തിനെയും വ്യാജ വീഡിയോ നിര്‍മിക്കാൻ ഉപയോഗിച്ച പെണ്‍കുട്ടിയുടെ അമ്മയായ ഏഷ്യാനെറ്റ് ജീവനക്കാരിയെയും ചോദ്യം ചെയ്തിരുന്നു.
സിന്ധു സൂര്യകുമാര്‍ അടക്കം നാല് പേര്‍ പോക്സോ കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. തെളിവുകളുള്ള ഇവയെല്ലാം ദേശാഭിമാനി വാര്‍ത്തയാക്കിയിട്ടുണ്ട്. ഇതിനെതിരെയാണ് ഇപ്പോള്‍ നോട്ടീസുമായി ഏഷ്യാനെറ്റ് ന്യൂസ് രംഗത്ത് വന്നത്.
