സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി; മുൻ ഡി.ജി.പി സിബി മാത്യൂസിന് എതിരേ കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി; മുൻ ഡി.ജി.പി സിബി മാത്യൂസിന് എതിരേ കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: സൂര്യനെല്ലി കേസിലെ അതിജീവിതയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡി.ജി.പി സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. സിബി മാത്യൂസിൻ്റെ 2017ൽ പുറത്തിറങ്ങിയ ‘നിർഭയം -ഒരു ഐ.പി.എസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലാണ് ഇരയെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്.

സിബി മാത്യൂസിൻ്റെ പുസ്തകത്തിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും മാതാപിതാക്കളുടെ പേര് വിവരങ്ങളും അവർ താമസിച്ചിരുന്ന സ്ഥലവും പെൺകുട്ടി പഠിച്ച സ്‌കൂളിൻ്റെ വിവരവും പരാമർശിച്ചിട്ടുണ്ടായിരുന്നു.

ഈ വിവരങ്ങളിൽ നിന്നെല്ലാം അതിജീവിത ആരാണെന്ന് മനസിലാക്കാൻ കഴിയുമെന്ന് വ്യക്തമാക്കി കൊണ്ടാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ മുൻ ഡി.ജി.പി സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.

അതിജീവിതയുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ടത് 228ാം വകുപ്പിൻ്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2017ലാണ് സിബി മാത്യൂസിൻ്റെ പുസ്‌തകം പുറത്തിറങ്ങിയത്. രണ്ടു വർഷങ്ങൾക്ക് ശേഷം 2019ൽ പൊലീസ് ഉദ്യോഗസ്ഥനായ കെ.കെ ജോഷ്വാ സിബി മാത്യൂസിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മണ്ണന്തല പൊലീസിലും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ജോഷ്വാ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

0Shares