
അമാ ദബ്ലാം കൊടുമുടി കീഴടക്കി ഖത്തരി പർവതാരോഹകയായ ശൈഖ അസ്മ ആൽഥാനി. അമാ ദബ്ലാമിെൻ്റെ ഉച്ചിയിലെത്തുന്ന മൂന്നാമത് ഖത്തരിയും ആദ്യ ഖത്തരി വനിതയുമാണ് ഇവർ. കഴിഞ്ഞ വർഷം നവംബറിൽ മോ അൽഥാനിയും ശേഷം ഈ വർഷം ആദ്യത്തിൽ ഫഹദ് ബദറും അമാ ദബ്ലാം പർവതത്തിൻ്റെ ഉച്ചിയിലെത്തി ചരിത്രം കുറിച്ചിരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഏറെയുള്ളതിനാൽ എവറസ്റ്റ് കൊടുമുടിയെക്കാൾ പ്രയാസമേറിയതാണ് അമാ ദബ്ലാം കൊടുമുടി.

നവംബർ എട്ട് രാവിലെ 10നു അമാ ദബ്ലാം കൊടുമുടി കീഴടക്കി ചരിത്രം സൃഷ്ടിച്ചന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ശൈഖ അസ്മ ആൽഥാനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘അമാ ദബ്ലാമിെൻ്റെ മുകളിൽ എത്തുകയെന്നത് പ്രയാസകരമായിരുന്നു. ടീം വർക്കാണ് പർവതത്തിൻ്റെ ഉയരത്തിലെത്തുന്നതിന് സഹായകമായത്. കൂടെയുള്ളവർ പ്രചോദനവും പ്രോത്സാഹനവുമായി പിന്തുണച്ചു’ -അവർ വ്യക്തമാക്കി.
ലോകത്തിലെതന്നെ ഏറ്റവും സുന്ദരമായ കൊടുമുടികളിലൊന്നായാണ് അമ ദബ്ലാം അറിയപ്പെടുന്നത്. കിഴക്കൻ നേപ്പാളിലെ ഖുംബു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ കൊടുമുടി പ്രശസ്തമായ പര്യവേക്ഷണ പാത കൂടിയാണ്. കൊടുമുടിയിലേക്കുള്ള പാത ഏറെ പ്രയാസകരമാണെങ്കിലും കാഴ്ചകൾകൊണ്ട് അനുഗൃഹീതമെന്നാണ് വിശേഷണം. 6812 മീറ്ററാണ് അമാ ദബ്ലാമിൻ്റെ ഉയരം.
