ലോക ഭിന്നശേഷി ദിനം; കൈയില്ലെങ്കിലും ഡ്രൈവിങ് ലൈസൻസ്, ജിലുവിന് ഇത് സ്വപ്‌ന യാത്രയാണ്

You are currently viewing ലോക ഭിന്നശേഷി ദിനം; കൈയില്ലെങ്കിലും ഡ്രൈവിങ് ലൈസൻസ്, ജിലുവിന് ഇത് സ്വപ്‌ന യാത്രയാണ്

പാലക്കാട്: പരിമിതികളില്‍ നിരാശയാവാതെ ജിലു മാരിയറ്റ് തോമസ് ചരിത്രം സൃഷ്ടിക്കുകയാണ്. ഇരു കൈകളുമില്ലെങ്കിലും തൻ്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം സഞ്ചരിക്കാൻ അവള്‍ക്കാകും. ഇരുകൈകളുമില്ലാതെ വാഹനമോടിക്കുന്നതിന് ഏഷ്യയില്‍ ആദ്യമായി ലൈസന്‍സ് സ്വന്തമാക്കുന്ന വ്യക്തിയെന്ന നേട്ടമാണ് ജിലുമോള്‍ സ്വന്തമാക്കിയത്.

നവകേരള സദസ്സിൻ്റെ ഭാഗമായി ജിലുമോള്‍ക്ക് ഭിന്നശേഷിദിന പാരിതോഷികമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫോര്‍വീലര്‍ ഡ്രൈവിങ് ലൈസൻസ് കൈമാറി. തൊടുപുഴ കരിമണ്ണൂര്‍ നെല്ലാനിക്കാട്ട് വീട്ടില്‍ തോമസ് വര്‍ക്കിയുടെയും അന്നകുട്ടിയുടെയും രണ്ടാമത്തെ മകളായ ജിലുമോള്‍ക്ക് ജനിച്ചപ്പോള്‍ തന്നെ കൈകളില്ലായിരുന്നു. അവളുടെ നാലാമത്തെ വയസ്സില്‍ത്തന്നെ അമ്മ അര്‍ബുദം ബാധിച്ച്‌ മരിച്ചു. ശേഷം ചങ്ങനാശ്ശേരിക്കടുത്തുള്ള ചെത്തിപ്പുഴ മേഴ്‌സി നഴ്‌സിങ് ഹോമിലാണ് വളര്‍ന്നത്. ഇപ്പോള്‍ എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്‌തുവരുകയാണ്.

പ്രത്യേക മൊബൈല്‍ ആപ്പിൻ്റെയും കാറില്‍ ഘടിപ്പിച്ച ഇലക്‌ട്രോണിക് ഉപകരണത്തിൻ്റെയും സഹായത്തോടെയാണ് ജിലു വാഹനമോടിക്കുന്നത്. ഡ്രൈവിങ്ങിനിടെ ഇൻഡിക്കേറ്റര്‍, വൈപ്പര്‍, ഡോറുകളുടെ ഗ്ലാസുകള്‍ എന്നിവയെല്ലാം പ്രവര്‍ത്തിപ്പിക്കുന്നത് ശബ്ദനിര്‍ദേശങ്ങള്‍ വഴിയാണ്. ജിലുമോളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ ഇവ നിയന്ത്രിക്കാനാവും.

പാലക്കാട്ടുനിന്നുള്ള വി ഇന്നവേഷന്‍ ഓട്ടോമോട്ടിവ് സ്റ്റാര്‍ട്ടപ്പാണ് വാഹനം നിയന്ത്രിക്കുന്ന വോയ്‌സ് കമാൻഡ് ആപ് വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തിയ പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് ഈ നേട്ടം കൈവരിക്കാനായത്. സംസ്ഥാന ഭിന്നശേഷി കമീഷൻ്റെ ഇടപെടലില്‍ എറണാകുളം ആര്‍.ടി.ഒ ആണ് ലൈസന്‍സ് അനുവദിച്ചത്. നേരത്തേ വായകൊണ്ട് ബ്രഷ് കടിച്ചുപിടിച്ച്‌ അതിമനോഹര ചിത്രങ്ങള്‍ വരച്ച്‌ ജിലുമോള്‍ ശ്രദ്ധ നേടിയിരുന്നു.

0Shares