
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് മുന്‍ഗണന ലഭിക്കാന്‍ വഴിവിട്ട കളികള്‍ കളിച്ചെന്ന കേസില്‍ ഗൂഗിളിന് വന്‍ തുക പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍ കോടതി. യൂറോപ്യന്‍ കമ്മീഷന്‍ വിധിച്ച 430 കോടി യൂറോ ഏകദേശം 34087 കോടി രൂപ പിഴശിക്ഷയ്‌ക്കെതിരെ യൂറോപ്യന്‍ ജനറല്‍ കോടതിയില്‍ നല്‍കിയ അപ്പീല്‍ ആണ് പരാജയപ്പെട്ടത്.
എന്നാല്‍ കമ്മീഷന്‍ വിധിച്ച തുകയില്‍ നേരിയ ഇളവുവരുത്തിയ കോടതി 412.5 കോടി യൂറോ (32699.86) പിഴനില്‍കാനാണ് ആവശ്യപ്പെട്ടത്. തങ്ങളുടെ സെര്‍ച്ച് എഞ്ചിന് ഗുണം ചെയ്യും വിധത്തില്‍ ആന്‍ഡ്രോയിഡ് ഉപകരണ നിര്‍മാതാക്കള്‍ക്കുമേല്‍ ഗൂഗിള്‍ നിയമവിരുദ്ധമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് യൂറോപ്യന്‍ യൂണിയന്‍ കോടതി നിരീക്ഷിച്ചു. യൂറോപ്യന്‍ യൂണിയന്‍ വിധിക്കുന്ന ഏറ്റവും വലിയ പിഴ ശിക്ഷയാണിത്.

കേസ് അടിസ്ഥാനരഹിതമാണെന്നും തെറ്റായ ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണെന്നും ഗൂഗിള്‍ പറയുന്നു. കോടതി വിധിയില്‍ നിരാശരാണെന്ന് ഗൂഗിള്‍ പറഞ്ഞു. കമ്മീഷൻ്റെ തീരുമാനം കോടതി പൂര്‍ണമായി തള്ളിക്കളയാതിരുന്നതില്‍ നിരാശയുണ്ട്. ഐഫോണുകളില്‍ സഫാരി പോലുള്ള സ്വന്തം സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ആപ്പിളിന് നേരെ യൂറോപ്യന്‍ യൂണിയന്‍ കണ്ണടയ്ക്കുകയാണ്.
ആന്‍ഡ്രോയിഡില്‍ ഗൂഗിള്‍ ഉല്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നില്ല. എതിരാളികളായ ആപ്ലിക്കേഷനുകള്‍ വെറുമൊരു ക്ലിക്കില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണെന്നും ഗൂഗിള്‍ ചൂണ്ടിക്കാട്ടി.
