നാവികസേനയിൽ വനിതകൾക്ക്‌ തുല്യത; സുപ്രീംകോടതി വിധി നടപ്പാക്കാതെ കേന്ദ്രസര്‍ക്കാര്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing നാവികസേനയിൽ വനിതകൾക്ക്‌ തുല്യത; സുപ്രീംകോടതി വിധി നടപ്പാക്കാതെ കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: നാവികസേനയിൽ വനിതകൾക്ക് തുല്യത ഉറപ്പാക്കി സ്ഥിരം കമീഷൻ ഏർപ്പെടുത്തണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാതെ കേന്ദ്ര സർക്കാർ. മൂന്നുമാസത്തിനകം വിധി നടപ്പാക്കണമെന്നാണ്‌ കഴിഞ്ഞ മാർച്ച്‌ 17ന്‌ കോടതി വിധിച്ചത്‌. ഈ നിർദേശം അവഗണിച്ച കേന്ദ്രസർക്കാർ, വിധി നടപ്പാക്കുന്നത്‌ നീട്ടിവയ്‌ക്കാൻ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നുവെന്നാണ്‌ റിപ്പോർട്ട്‌.

സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തിയ അഞ്ച്‌ വനിതകൾക്കും നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും പെൻഷനും നൽകണമെന്നായിരുന്നു ഉത്തരവ്‌. എന്നാൽ, ഇക്കാര്യത്തിൽ നാവികസേന ഇവരുമായി ബന്ധപ്പെട്ടിട്ടുപോലുമില്ല. കോടതി നിർദേശിച്ച കാലാവധി തീരുന്ന ഘട്ടത്തിൽ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കോവിഡായതിനാൽ ഇപ്പോൾ വിധി നടപ്പാക്കാൻ സാധ്യമല്ലെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നുമാണ്‌ മറുപടി ലഭിച്ചത്‌.

ഇതിനിടെ പരാതിക്കാരിൽ ചിലർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പോർട്ടലിൽ വിഷയം ഉന്നയിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇത്തരം കാര്യങ്ങൾ പരസ്യവേദികളിൽ ഉന്നയിക്കരുതെന്ന്‌ ചില മുതിർന്ന ഉദ്യോഗസ്ഥർ ഇവരോട്‌ ആവശ്യപ്പെടുകയും ചെയ്‌തു.

നാവികസേനയിൽ തുല്യതയ്ക്കുവേണ്ടിയുള്ള 10 വർഷത്തെ പോരാട്ടം നയിച്ചത്‌ നാവികസേനയിൽനിന്ന്‌ വിരമിച്ച മലയാളികളായ പ്രസന്ന ഇടയില്യം, ആർ. പ്രസന്ന, പഞ്ചാബ് സ്വദേശിനി പൂജ, രാജസ്ഥാൻ സ്വദേശിനി സരോജ് കുമാരി, ഉത്തരാഖണ്ഡ് സ്വദേശിനി സുമി ബലൂണി എന്നിവരാണ്‌. 2015ൽ ഹൈക്കോടതിയിൽനിന്ന് ഇവർക്ക് അനുകൂലവിധി കിട്ടിയെങ്കിലും അതിനെതിരെ നാവികസേന സുപ്രീംകോടതിയെ സമീപിച്ചു. തുടർന്നാണ്‌ സുപ്രീംകോടതി വനിതകൾക്ക്‌ തുല്യത ഉറപ്പാക്കി വിധി പറഞ്ഞത്‌.

പുരുഷന്മാർക്ക്‌ 54 വയസ്സുവരെ സർവീസുള്ളപ്പോൾ പതിനാലുവർഷംമാത്രം ജോലി ചെയ്യാനാകുന്ന ഷോർട്ട് സർവീസ് കമീഷൻ അടിസ്ഥാനത്തിലാണ് നിലവിൽ വനിതകളെ നാവികസേനയിൽ നിയമിക്കുന്നത്. ഇവർക്ക്‌ പെൻഷനും അർഹതയില്ല. ഈ അസമത്വത്തിനെതിരെയാണ്‌ സർവീസിലുള്ളവരും വിരമിച്ചവരുമായ വനിതകൾ നിയമപോരാട്ടം നടത്തിയത്‌.

0Shares