
കള്ളാർ /കാസർകോട്: ഇരുകണ്ണിലും കാഴ്ചക്കുറവുണ്ടായ പെൺകുട്ടിയെ വിദഗ്ദ്ധ ചികിത്സയിലൂടെ വർണ്ണ കാഴ്ചകളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തി മനുഷ്യ സ്നേഹികളുടെ കൂട്ടായ്മ. കാസർകോട് ജില്ലയിലെ മലയോര ഗ്രാമമായ ബളാലിൽ താമസിക്കുന്ന പതിനാറുകാരിയായ ആദിത്യക്ക് പെട്ടെന്നാണ് ഇരുകണ്ണിലും കാഴ്ചക്കുറവ് അനുഭവപ്പെട്ടത്. അടിയന്തിര ശസ്ത്രക്രിയ ചെയ്തില്ലെങ്കിൽ എന്നന്നേക്കുമായി കാഴ്ചശക്തി നഷ്ടപ്പെടുമെന്ന് കാഞ്ഞങ്ങാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതോടെ തോടെ നിർധനരായ കുടുംബത്തിന് ആധിയായി.

മരപ്പണിക്കാരനായ ആദിത്യയുടെ അച്ഛൻ അശോകൻ രണ്ട് വർഷത്തോളമായി രോഗം വന്ന് കിടപ്പിലാണ്. നാട്ടിലെ ചെറു ജോലികൾ ചെയ്താണ് അമ്മ ഗീത എട്ടാംതരം വിദ്യാർത്ഥിയായ ആദിത്യയുടെ സഹോദരനുമടങ്ങുന്ന കുടുംബം കഴിയുന്നത്. രോഗ ബാധിതനായ അശോകന്‍റെ വിദഗ്ദ്ധ ചികിത്സക്കായുള്ള ചെലവ് കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലുകൾ ക്കിടയിലാണ് മോൾക്ക് ഈ അവസ്ഥ വരുന്നത്.
വാർത്തയറിഞ്ഞയുടനെ റിട്ടയേർഡ് നേവൽ ഉദ്യോഗസ്ഥയായ പ്രസന്ന ഇടയില്യം ഡൽഹിയിലുള്ള അഡ്വ.മനോജ് എന്നിവർ ശസ്ത്രക്രിയക്ക് ആവശ്യമായ സഹായം നല്കാമെന്നേറ്റു. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനായ സുനിൽകുമാറും പിന്തുണ നൽകി. ആദിത്യയുടെ ഓപ്പറേഷൻ ഇക്കഴിഞ്ഞ ഫിബ്രവരി 9ന് വിജയകരമായി നടന്നു. ഇപ്പോൾ ആദിത്യയുടെ മങ്ങി തുടങ്ങിയ കാഴ്ച തിരിച്ചു വന്നു തുടങ്ങി. സുമനസുകളുടെ കാരുണ്യത്തിൽ ആദിത്യയും ലോകത്തിലെ വർണ്ണകാഴ്ചകൾ കണ്ട് വളരും.
