
കാസർകോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ ഏഴ് നാള്‍ നീണ്ടുനിന്ന എൻ്റെ കേരളം പ്രദര്‍ശന വിപണന മേള തിങ്കളാഴ്ച സമാപിച്ചു. പ്രദര്‍ശന വിപണന സ്റ്റാളുകളും കലാ സാംസ്‌കാരിക സന്ധ്യകളും സെമിനാറുകളും മേള കാണാനെത്തിയ ജനസാഗരത്തിന് നവ്യാനുഭവമായി.

പ്രിയമേറിയ രുചിക്കൂട്ടുകള്‍ തേടിയും തോട്ടങ്ങളിലേക്ക് ചെടികള്‍ തേടിയും വിവിധ വകുപ്പുകളുടെ തത്സമയ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും പുതുമയാര്‍ന്ന ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താന്‍ പതിനായിരങ്ങള്‍ മേളയിലെത്തി. പൊതുമരാമത്ത് വകുപ്പ് സ്റ്റാളില്‍ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ കട്ടൗട്ടിന് ഉമ്മകൊടുത്തും കൈപിടിച്ച് നടന്നും കുരുന്നുകള്‍ മേളയില്‍ കൗതുകം തീര്‍ത്തു.
64626.52 ചതുരശ്ര അടിയില്‍ 170 സ്റ്റാളുകളാണ് മേളയുടെ ഭാഗമായി ആലാമിപ്പള്ളിയില്‍ ഒരുക്കിയത്. ചെറുകിട വ്യവസായസംരംഭങ്ങളുടെ 100 വിപണന സ്റ്റാളുകള്‍, വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനുള്ള സ്റ്റാളുകള്‍, വിവിധ വകുപ്പുകളുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ 70 സ്റ്റാളുകള്‍, കാര്‍ഷിക പ്രദര്‍ശനവിപണന മേള, ടൂറിസം മേള, ശാസ്ത്രസാങ്കേതിക പ്രദര്‍ശനം, കുടുംബശ്രീ ഭക്ഷ്യമേള എന്നിവയായിരുന്നു മേളയില്‍ സന്ദര്‍ശകരെ കാത്തിരുന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍, അക്ഷയകേന്ദ്രത്തിൻ്റെ നിരവധി സേവനങ്ങള്‍, പുതിയ ആധാര്‍, കുട്ടികളുടെ ആധാര്‍, ആധാറില്‍ മേല്‍വിലാസം തിരുത്തല്‍, ഇ-ആധാര്‍, ആധാറില്‍ ജനന തിയതി തിരുത്തല്‍, ആധാറില്‍ മൊബൈല്‍ നമ്പര്‍ മാറ്റുക, ആധാറില്‍ ബയോമെട്രിക് അപ്ഡേഷന്‍, ആധാറില്‍ ഫോട്ടോ മാറ്റി കൊടുക്കല്‍, മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായ അപേക്ഷ തുടങ്ങിയവ ഒരു കുടക്കീഴില്‍ ലഭ്യമാക്കിയത് പൊതുജനങ്ങള്‍ക്ക് സുവര്‍ണാവസരമായി.
