
എൻഡോസൾഫാൻ ദുരിതബാധിതരുടെ വിവിധ പ്രശ്നങ്ങളിൽ സമയബന്ധിതമായി പരിഹാരം കാണുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരുധിവാസത്തിനും ഏകോപനത്തിനുള്ള ജില്ലാ തല സെല്ലിൻ്റെ ചെയർമാനുമായ പി.എ.മുഹമ്മദ്ക റിയാസ് പറഞ്ഞു. കാസർകോട് കളക്ടറേറ്റിൽ എൻഡോസൾഫാൻ സെൽ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ വർഷം നവംബർ 31 ന് ആരോഗ്യം, സാമൂഹിക നീതി വകുപ്പ് മന്ത്രിമാരും ജില്ലയുടെ ചുമതലയുള്ള തുറമുഖം വകുപ്പ് മന്ത്രിയും ഉൾപ്പെട്ട യോഗം ചേർന്നിരുന്നു. അതിൽ തീരുമാനിച്ച കാര്യങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ആ യോഗത്തിലെ തീരുമാനപ്രകാരം എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നതിനായുള്ള പ്രാഥമിക ഘട്ടമായി ഡിസംബർ 7 മുതൽ 31 വരെ വിവിധ ആരോഗ്യ സ്ഥാപനങ്ങൾ വഴിയാണ് 20427 അപേക്ഷകൾ ലഭിച്ചത്.

ഈ അപേക്ഷകൾ പരിശോധിക്കുന്നതിന് പ്രത്യേക മെഡിക്കൽ ടീമിനെ ഇതിനായി നിയോഗിക്കുന്ന കാര്യം ആരോഗ്യവകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അതാത് വകുപ്പ് മന്ത്രിമാരുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
