എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം; ഒന്നാംഘട്ടം ഒരുവര്‍ഷത്തിനകം; നഷ്ടപരിഹാര വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍

  • Post category:local news
  • Reading time:2 mins read
You are currently viewing എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം;  ഒന്നാംഘട്ടം ഒരുവര്‍ഷത്തിനകം; നഷ്ടപരിഹാര വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍

കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 200 കോടി രൂപ സുപ്രീം കോടതി ഉത്തരവ് പ്രകാരം അപേക്ഷകര്‍ക്ക് കൃത്യമായി നല്‍കി വരികയാണെന്നും കാലതാമസം ഒഴിവാക്കുന്നതിനും ദുരിത ബാധിതര്‍ക്ക് അസൗകര്യമുണ്ടാകാതെ സുതാര്യമായും ധനസഹായം ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലിലൂടെ മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നതെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു.

സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഇതിനകം 458 ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കി. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതിനു മുന്‍പ് കളക്ടറേറ്റില്‍ നേ രിട്ട് നല്‍കിയ 200 പേരുടെ അപേക്ഷകള്‍ കളക്ടറേറ്റില്‍ നിന്ന് തന്നെ ഓണ്‍ലൈനിലേക്ക് മാറ്റുകയാണ്.

കളക്ടറേറ്റില്‍ നേരിട്ട് നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കിയ ദുരിത ബാധിതര്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടതില്ല. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതിനു മുന്‍പ് കളക്ടറേറ്റില്‍ നേരിട്ട് അപേക്ഷ നല്‍കിയ നൂറു പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു. നേരത്തേ അപേക്ഷ നല്‍കിയിട്ടില്ലാത്ത, ധനസഹായം ലഭിക്കാന്‍ അര്‍ഹരായ ദുരിത ബാധിതര്‍ മതിയായ രേഖകള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ എത്രയും വേഗം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നിശ്ചയിച്ച ധനസഹായം ലഭ്യമാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

3718 പേര്‍ക്കാണ് ധനസഹായം നല്‍കാന്‍ അവശേഷിച്ചിരുന്നത്. ഇതില്‍ 458 പേര്‍ക്ക് അനുവദിച്ചിട്ടുണ്ട്. 3260 ദുരിത ബാധിതര്‍ക്കാണ് ധനസഹായം നല്‍കാന്‍ അവശേഷിക്കുന്നത്. ഇതിലുള്‍പ്പെട്ടവരില്‍ ,സുപ്രീംകോടതി വിധിപ്രകാരം അഞ്ചു ലക്ഷം രൂപ നല്‍കുന്നതിന് നേരത്തേ വിവിധ കാറ്റഗറികളില്‍ മൂന്ന് ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചവരും ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ക്ക് അഞ്ചു ലക്ഷത്തില്‍ അവശേഷിക്കുന്ന ബാക്കി തുക അനുവദിക്കുന്നുണ്ട്. അര്‍ഹരായ മുഴുവന്‍ ദുരിതബാധിതര്‍ക്കും സമയബന്ധിതമായി തന്നെ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

അതേസമയം, എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ഒന്നാം ഘട്ടം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും.ഒന്നാം ഘട്ടത്തില്‍ എ ബ്ലോക്കില്‍ ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, ബി ബ്ലോക്ക് കണ്‍സള്‍ട്ടിംഗ് ഹൈഡ്രോതെറാപ്പി എന്നിവയാണ് നിര്‍മ്മിക്കുന്നത്. ജില്ലാ സാമൂഹിക നീതി ഓഫീസറാണ് നിര്‍വ്വഹണ ഉദ്യോഗസ്ഥ.

4,89,52,829 രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചത്. 4, 45,00,000 രൂപയുടെ ഭരണാനുമതി ലഭിച്ചു. 4,17,06,933 രൂപയാണ് കരാര്‍ തുക. 2023 മേയ് 24 നകം പൂര്‍ത്തീകരിക്കണമെന്നാണ് കരാര്‍. വടകര ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

0Shares