
കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ ഇടപെടലുകളാണ് നടത്തി വരുന്നതെന്ന് എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്‍യോഗത്തില്‍ അധ്യക്ഷത വഹിച്ച് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വിവിധ പദ്ധതികളിലായി ഇതുവരെ 281,36,58,033 രൂപ ചെലവഴിച്ചതായി അദ്ദേഹം അറിയിച്ചു.
സാമ്പത്തിക സഹായമായി 171.10 കോടി രൂപയും, ചികിത്സയ്ക്ക് 15.03 കോടിയും, 2019-20 നവംബര്‍ വരെയുള്ള പെന്‍ഷന്‍, ആശ്വാസ കിരണം, സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്ക് 88.39 കോടിയും വായ്പ എഴുതിത്തള്ളുന്നതിനായി 6.82 കോടി രൂപയുമാണ് ചെലവഴിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബജറ്റില്‍ 50 കോടി അനുവദിച്ചത്. സുപ്രീം കോടതിയുടെ 2019 ജൂലൈയിലെ വിധി നടപ്പാക്കുന്നതിന് 217.06 കോടി രൂപയാണ് ആവശ്യമുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. 6728 ദുരിതബാധിതരാണ് നിലവില്‍ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റിലുള്ളത്.

കിടപ്പ് രോഗികള്‍ 371, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ 1499, ഭിന്നശേഷിക്കാര്‍ 1189, അര്‍ബുദരോഗികള്‍ 699, മറ്റുള്ളവര്‍ 2970 പേര്‍ എന്നിങ്ങനെ ഗ്രൂപ്പുകളായാണ് തരം തിരിച്ചിട്ടുള്ളത്. വിദഗ്ധ ചികിത്സക്കായി എത്തുന്ന ലിസ്റ്റിലുള്‍പ്പെട്ടവരില്‍ നിന്നും മംഗലാപുരത്തെയും മറ്റും എംപാനല്‍ഡ് ആശുപത്രികള്‍ അമിത ഫീസ് വാങ്ങിക്കുന്നതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഈ ആശുപത്രികളുടെ അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലയില്‍ തന്നെ ഫലപ്രദമായ ചികിത്സ ലഭ്യമാവുന്ന രോഗങ്ങള്‍ക്ക് അമിത ഫീസ് വാങ്ങിക്കുന്ന എം പാനല്‍ഡ് ആശുപത്രികളെ സമീപിക്കാതിരിക്കാന്‍ ഗുണഭോക്താക്കള്‍ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ നല്‍കിയ ചികിത്സ ഇനത്തില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിക്ക് കുടിശിക തുക എന്‍.എച്ച്.എം നല്‍കിയില്ലെങ്കില്‍ ദുരിതബാധിതര്‍ക്ക് നല്‍കി വരുന്ന ചികിത്സ നിര്‍ത്തലാക്കുമെന്ന എന്‍.എച്ച്.എം കാഞ്ഞങ്ങാടിന് കത്ത് ലഭിച്ച സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ട്രസ്റ്റുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണപിന്തുണയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ചിലയിടങ്ങളില്‍ ഭൂമി കൈമാറിയതല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ക്യാഷ് കൗണ്ടര്‍ലെസ് ആശുപത്രി, ഭവനനിര്‍മാണപദ്ധതി എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട ട്രസ്റ്റുകള്‍ മുന്നോട്ട് പോകുന്നുണ്ടോയെന്ന് ഈ മാസം 20 നകം രേഖാമൂലം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ട്രസ്റ്റുകളുടെ കീഴില്‍ നിര്‍മിച്ചു നല്‍കുന്ന വീടുകള്‍ അര്‍ഹരായവര്‍ക്ക് മാത്രം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഹൊസ്ദുര്‍ഗ് താലൂക്കില്‍ ഒമ്പതും മഞ്ചേശ്വരത്തെ എന്‍മകജെ വില്ലേജില്‍ 36 ഉം ഉള്‍പ്പെടെ 45 പ്ലോട്ടുകളിലേക്കുള്ള ഗുണഭോക്താക്കളെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തും. കൂടുതല്‍ പേരുണ്ടെങ്കില്‍ നറുക്കെടുപ്പ് നടത്തും.
യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോക്ടര്‍ ഡി. സജിത് ബാബു എം. രാജഗോപാലന്‍ എം.എല്‍.എ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ട്, കയ്യൂര്‍-ചീമേനി പ്രസിഡന്റ് കെ ശകുന്തള, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ വി. എം കൃഷ്ണദേവന്‍, മുന്‍ എം.എല്‍.എ എം കുമാരന്‍, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ നാരായണന്‍, കോടോം-ബേളൂര്‍ വൈസ് പ്രസിഡന്റ് പി. എല്‍ ഉഷ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജോസഫ് വടകര, വി. കെ രമേശന്‍, പ്രമീള സി നായ്ക്, സന്നദ്ധ പ്രവര്‍ത്തകരായ നാരായണന്‍ പെരിയ, മുനീസ അമ്പലത്തറ കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
