തൊഴിലുറപ്പ് പദ്ധതി: കാസര്‍കോട് ജില്ലയിൽ സൃഷ്ടിച്ചത് 9.97 ലക്ഷം തൊഴിൽ ദിനങ്ങൾ

  • Post category:local news
  • Reading time:1 min read
You are currently viewing തൊഴിലുറപ്പ് പദ്ധതി: കാസര്‍കോട് ജില്ലയിൽ സൃഷ്ടിച്ചത് 9.97 ലക്ഷം തൊഴിൽ ദിനങ്ങൾ

കാസര്‍കോട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2021-22 വർഷത്തെ ലേബർ ബഡ്ജറ്റ് പ്രകാരം ജില്ലയിൽ 9,97,843 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെട്ടു. ജില്ലാ വികസന കോ ഓർഡിനേഷൻ കമ്മിറ്റി-ദിശയുടെ രണ്ടാം പാദ യോഗത്തിലാണ് വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ അവലോകനം ചെയ്തത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി അധ്യക്ഷനായി. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർവ്വഹണ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് എം. പി പറഞ്ഞു.

ആസ്തി രൂപീകരണത്തിന് മുൻതൂക്കം നൽകാൻ പഞ്ചായത്ത് തലത്തിൽ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ജലസംരക്ഷണ മേഖലയിലുൾപ്പെടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഇടപെടുന്നു. ജില്ലയിൽ ആകെ 53015 കുടുംബങ്ങൾക്ക് തൊഴിൽ ലഭ്യമാക്കി. ഭൗമ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് തൊഴിലുറപ്പ് പദ്ധതിയിലെ വിവരശേഖരണം ഒന്നാം ഘട്ടത്തിൽ ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ പൂർത്തീകരിച്ചു.

ജില്ലയിൽ പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഇതുവരെ 96 റോഡുകൾ പൂർത്തീകരിച്ചു. ഏഴ് പ്രവൃത്തികൾ ഉപേക്ഷിച്ചു. 2021 ആഗസ്റ്റ് 31 വരെ 252 കിലോമീറ്റർ റോഡാണ് പൂർത്തീകരിച്ചത്. സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ ആഗസ്റ്റ് 31 വരെയുള്ള പെൻഷനുകളുടെ വിതരണം പൂർത്തീകരിച്ചതായും എല്ലാ അപേക്ഷകളും യഥാസമയം തീർപ്പാക്കുന്നതായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടർ അറിയിച്ചു.

പ്രധാൻമന്ത്രി ആവാസ് യോജന(ഗ്രാമീൺ) പദ്ധതിയിൽ 840 വീടുകൾ ഇതിനകം അനുവദിച്ചതിൽ 640എണ്ണം പൂർത്തീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. വീട് അനുവദിക്കുന്നതിനായി ആവാസ് പ്ലസ് ആപ്ലിക്കേഷൻ മുഖേന 14978 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭൂമിയില്ലാത്തവർക്ക് പ്രത്യേക പദ്ധതിയിലൂടെ ഭൂമി നൽകുന്ന നടപടിയും പുരോഗമിക്കുന്നുണ്ട്.

ശുചിത്വമിഷൻ, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, പ്രൈം മിനിസ്റ്റർ എംപ്ലോയ്‌മെന്റ് ജനറേഷൻ പദ്ധതി, കുടിവെള്ള പദ്ധതികൾ, എൻ.എച്ച്.എം, സമഗ്ര ശിക്ഷാ കേരളം, ഐ.സി.ഡി.എസ് തുടങ്ങിയ പദ്ധതികളും അവലോകനം ചെയ്തു.

ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടർ കെ.പ്രദീപൻ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ജെയ്സൺ മാത്യു, മറ്റു വകുപ്പുകളുടെ നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

0Shares