ഇ.ഡി മരവിപ്പിച്ചു എ.സി മൊയ്‌തീൻ്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍; ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും, ചില അക്കൗണ്ട് ഉടമകളുടെ ബാങ്ക് രേഖകളും പിടിച്ചെടുത്തു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഇ.ഡി മരവിപ്പിച്ചു എ.സി മൊയ്‌തീൻ്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍; ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും, ചില അക്കൗണ്ട് ഉടമകളുടെ ബാങ്ക് രേഖകളും പിടിച്ചെടുത്തു

കരുവന്നൂർ ബാങ്ക് നിക്ഷേപത്തട്ടിപ്പിൽ മുൻ മന്ത്രി എ.സി മൊയ്‌തീൻ എം.എൽ.എയെ ചോദ്യം ചെയ്യാൻ ഇ.ഡി നീക്കം തുടങ്ങി. വീട്ടിൽ നടത്തിയ റെയ്‌ഡിന് ശേഷം രണ്ട് ബാങ്കുകളിലെ സ്ഥിരം നിക്ഷേപവും എൻഫോഴ്സ്മെണ്ട് ഡയറക്ടറേറ്റ് മരവിപ്പിച്ചു. വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂർത്തിയായാലുടൻ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുമെന്നാണ് സൂചന.

പുലർച്ചെവരെ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് മൊയ്‌തീന്‍റെ വീട്ടിൽ നിന്ന് ബാങ്ക് ഇടപാടുകളുടെ രേഖകൾ കസ്റ്റഡിയിൽ എടുത്തത്. വടക്കാഞ്ചേരിയിലെ മച്ചാട് സർവ്വീസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവിടങ്ങളിൽ എ.സി മൊയ്‌തീനിന് 31 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപമുണ്ട്.

ഈ അക്കൗണ്ടുകളിലെ പണത്തിന് കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ഇതേ തുടർന്നാണ് നടപടി. കരുവന്നൂർ ബാങ്കിൽ നിന്ന് എ.സി മൊയ്‌തീൻ ആവശ്യപ്പെടുന്നവർക്ക് കോടികളുടെ വായ്‌പ അനുവദിച്ചിട്ടുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. ബാങ്കിൽ നിന്ന് വായ്‌പ സ്വീകരിച്ചവർ, മുൻ മാനേജർ ബിജു കരീം അടക്കമുള്ളവർക്ക് എ.സി മൊയ്‌തീനുമായി അടുത്ത ബന്ധമുണ്ട്. സഹകരണ റജിസ്ട്രാർ, പരാതിക്കാർ, പ്രതികൾ അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.പി.എം സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ എ.സി മൊയ്‌തീനിനെതിരെ നടപടി തുടങ്ങിയത്.

ചൊവാഴ്‌ച എ.സി മൊയ്‌തീൻ്റെയും, ബന്ധു റഹീമിൻ്റെയും വീടുകളിലടക്കം ആറ് ഇടങ്ങളിലായിരുന്നു പരിശോധന. അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന എ.സി മൊയ്‌തീനെ പരാതിക്കാരനായ സുരേഷ് ബാങ്കിലെ സാമ്പത്തിക ക്രമക്കേട് അറിയിക്കുകയും തട്ടിപ്പിന്‍റെ വിവരങ്ങൾ കൈമാറുകയും ചെയ്‌തിരുന്നു. എന്നാൽ ബിജു കരീം അടക്കമുള്ളവർക്കെതിരെ ഒരു നടപടിയും എ.സി മൊയ്‌തീൻ സ്വീകരിച്ചിട്ടില്ലെന്നാണ് ഇ.ഡിയുടെ അന്വേഷണത്തിൽ വ്യക്തമായത്.

മൊയ്‌തീനുമായി അടുത്ത ബന്ധമുള്ള അനിൽ സുഭാഷ്, ഷിജു, റഹീം, സതീഷ് എന്നിവരിൽ ചിലർക്ക് സഹകരണ ബാങ്കുകളിൽ 25 ലേറെ അക്കൗണ്ടുകളുണ്ട്. ഇത് ബെനാമി ഇടപാടുകൾക്ക് വേണ്ടിയാണോ എന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്. ഈ അക്കൗണ്ട് ഉടമകളുടെ ബാങ്ക് രേഖകളും ഇ.ഡി പിടിച്ചെടുത്തിട്ടുണ്ട്.

0Shares