രാജ്യത്ത് ആദ്യം; കാസര്‍കോട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കുന്നു

  • Post category:local news
  • Reading time:2 mins read
You are currently viewing രാജ്യത്ത് ആദ്യം; കാസര്‍കോട് ജില്ലാ പഞ്ചായത്തിൻ്റെ  നേതൃത്വത്തിൽ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കുന്നു

കേരള കേന്ദ്ര സര്‍വ്വകലാശാലയുമായി സഹകരിച്ച് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് രാജ്യത്ത് ആദ്യമായി ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം വിശദമായ സാമ്പത്തിക അവലോകന രേഖ തയ്യാറാക്കുന്നത്. കേന്ദ്ര സംസ്ഥാനങ്ങളുടെ മാതൃകയിലാണ് ജില്ലയുടെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന് മുന്നോടിയായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.

ജില്ലയുടെ വിവിധ മേഖലകളിലെ സാമ്പത്തിക സ്ഥിതി വിവര കണക്കുകള്‍ തയ്യാറാക്കുകയും ആസൂത്രണപ്രക്രിയ കാര്യക്ഷമമാക്കുന്നതിനുളള നൂതന ആശയങ്ങള്‍ സാമ്പത്തിക വിദഗ്ദരുമായി ചര്‍ച്ച ചെയ്ത് രൂപീകരിക്കുകയുമാണ് ലക്ഷ്യം. ജില്ലയില്‍ സുസ്ഥിര വികസനത്തിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂടി സാമ്പത്തിക അവലോകനത്തിൻ്റെ ഭാഗമായി തയ്യാറാക്കും. ആദ്യഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിന് ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ദ്ധരില്‍ നിന്ന് ആവശ്യമുളള കാര്യങ്ങള്‍ കേന്ദ്ര സര്‍വ്വകലാശാലയുടെ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ശേഖരിക്കും.

ഇതിനകം ജില്ലയില്‍ ശേഖരിച്ചിട്ടുളള ദ്വിതീയ വിവര ശേഖരണത്തിൻ്റെ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍വ്വകലാശാലക്ക് ലഭ്യമാക്കും. കേരള കേന്ദ്ര സര്‍വ്വകലാശാല ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ്, സെന്റര്‍ ഫോര്‍ റൂറല്‍ മാനേജ്‌മെന്റ് കോട്ടയം എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്.

കേന്ദ്ര സര്‍വ്വകലാശാല രൂപീകരിച്ചതിനുശേഷം ആദ്യമായി ജില്ലയിലെ വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുവെന്ന സവിശേഷതയും ഈ പദ്ധതിക്കുണ്ട്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിന് സംസ്ഥാന ആസൂത്രണ ബോര്‍ഡിൻ്റെ അംഗീകാരവും അനിവാര്യമാണ്.

ഇതിൻ്റെ ഭാഗമായി കാസര്‍കോട് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പ്രാഥമിക ചര്‍ച്ചയില്‍ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ജിജു പി. അലക്സ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ. ശകുന്തള, എസ്.എന്‍. സരിത, ഗീതാ കൃഷ്ണന്‍, ഡി.പി.സി. സര്‍ക്കാര്‍ നോമിനി അഡ്വ: സി. രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഡോ. സി. തമ്പാന്‍, കേന്ദ്ര സര്‍വ്വകലാശാല പ്രതിനിധികളായ എം.എസ്. ജോണ്‍, അനൂപ് പി.വി., ടി.ജെ. ജോസഫ്, ജിതിന്‍ മാത്യു, റെയ്ന്‍ഹാറ്റ് ഫിലിപ്പ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്. മായ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത് എന്നിവര്‍ പങ്കെടുത്തു. വീണ്ടും വിശദമായ ചര്‍ച്ചകള്‍ ഇതിൻ്റെ ഭാഗമായി നടത്തും.

0Shares