15 ദിവസത്തിനകം വിശദീകരണം നൽകണം; മോക് ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing 15 ദിവസത്തിനകം വിശദീകരണം നൽകണം; മോക് ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക് ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേധാവിയും പത്തനംതിട്ട ജില്ല കലക്ടറും 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.

മരിച്ച ബിനു 45 മിനിറ്റോളം വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നതായി പരാതിയിൽ പറയുന്നു. യഥാസമയം ദുരന്തനിവാരണ സേന എത്തിയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നെന്നും മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിൽ പറയുന്നു. മുൻകരുതൽ സ്വീകരിക്കാതെയുള്ള മോക് ഡ്രിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചശേഷം കമീഷൻ തുടർനടപടികൾ സ്വീകരിക്കും.

പ്രളയദുരന്തങ്ങൾ നേരിടാനുള്ള പ്രചാരണ പരിശീലനത്തിനിടെ അഭിനയിക്കാൻ രക്ഷാസേനകൾ ആറ്റിലേക്കിറക്കിയ നാട്ടുകാരൻ മുങ്ങി മരിച്ച വാർത്ത നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. കല്ലൂപ്പാറ പാലത്തിങ്കൽ കാക്കരകുന്നിൽ ബിനു സോമൻ (34) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയാണ്. മല്ലപ്പള്ളിക്ക് സമീപം മണിമലയാറ്റിലെ പടുതോട് കടവിൽ വ്യാഴാഴ്ച രാവിലെ ഒൻപതരയ്ക്കാണ് സംഭവം. ദേശീയ ദുരന്തനിവാരണ സേനയടക്കം വിവിധ എജൻസികളുടെ നേതൃത്വത്തിലായിരുന്നു പ്രചാരണ പരിശീലനം.

പടുതോട് പാലത്തിന് മുകളിൽ പുറമറ്റം പഞ്ചായത്തിലെ കടവിൽ കുറച്ചുപേർ ഒഴുക്കിൽപ്പെടുന്ന രംഗമാണ് ചിത്രീകരിക്കാൻ ശ്രമിച്ചത്. ബിനു ഉൾപ്പെടെ നാലുപേരെയാണ് ആറ്റിലേക്ക് ഇറക്കിയത്. ഇതിന് എതിർവശത്ത് കല്ലൂപ്പാറ പഞ്ചായത്തിലെ കടവിൽനിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങൾ യന്ത്രവത്കൃത ബോട്ടിൽ എത്തി രക്ഷിക്കണം എന്നതായിരുന്നു ധാരണ. എന്നാൽ വെള്ളത്തിൽ ഇറങ്ങിയ ബിനു സോമൻ യഥാർഥത്തിൽ മുങ്ങിത്താണു. വെപ്രാളത്തിൽ ഇയാൾ പലവട്ടം കൈകൾ ഉയർത്തിയെങ്കിലും അഭിനയമാണെന്നാണ് കരയിൽ നിന്നവർ കരുതിയത്. ലൈഫ് ബോ എറിഞ്ഞുകൊടുത്തെങ്കിലും പിടിക്കാനാവാതെ താഴുകയായിരുന്നു.

മറ്റുള്ളവർ ബോട്ടിൽ പിടിച്ചുകിടക്കുമ്പോഴാണ് കൂടെയുള്ള ഒരാളെ കാണാനില്ലെന്ന് വ്യക്തമായത്. തുടർന്ന് ദേശീയദുരന്ത നിവാരണ സേനയുടെ മുങ്ങൽ വിദഗ്ധരടക്കം വേറെ ബോട്ടുകളിൽ എത്തി. ഇരുപത് മിനിറ്റോളം നടത്തിയ തിരച്ചിലിൽ വെള്ളത്തിനടിയിൽനിന്ന് എൻ.ഡി.ആർ.എഫ്. സ്‌കൂബാ ഡൈവർ അനിൽ സാഹുവാണ് ബിനുവിനെ കണ്ടെത്തിയത്. ബോട്ടിൽ കയറിയെങ്കിലും യന്ത്രം പ്രവർത്തിക്കാതിരുന്നതോടെ തുഴഞ്ഞും കയർ കെട്ടി വലിച്ചുമാണ് ഒടുവിൽ കരയ്‌ക്കെത്തിച്ചത്.

ആംബുലൻസിൽ കയറ്റി ഉടനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. നേരിയ തോതിൽ നാഡി സ്പന്ദനമുണ്ടെന്ന നിഗമനത്തെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടേകാലോടെ മരണം സംഭവിക്കുകയായിരുന്നു.

0Shares