
ഗള്‍ഫ് ഭരണാധികാരികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി പ്രവാസി മലയാളികള്‍.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ട ജനകീയരായ ഗള്‍ഫ് ഭരണാധികാരികളെ കുറിച്ചു പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രവാസി സമൂഹത്തെ പ്രതിസന്ധിയില്‍ ആക്കുന്നത് കൂടിയാണ്.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്‍റെ മൊഴിപ്പകര്‍പ്പ് ക്രൈംബ്രാഞ്ചിന് നല്‍കിയില്ല. ക്രൈംബ്രാഞ്ചിൻ്റെ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലം ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പട്ടു. അതേ സമയം സ്വപ്നക്ക് കേന്ദ്ര സുരക്ഷ ഒരുക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായി ഇ.ഡി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്തു കൊണ്ടുവരാന്‍ സ്വപ്നയുടെ രഹസ്യമൊഴി പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കുന്നത് എന്തിന് വേണ്ടിയെന്ന് വ്യക്തമാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കണ്ടോണ്‍മെന്‍റ് പോലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ഗൂഢാലോചനയില്‍ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്ക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ ക്രൈംബ്രാഞ്ച് ആവശ്യത്തെ സ്വപ്നയുടെ അഭിഭാഷകനും ഇ.ഡി അഭിഭാഷകനും എതിര്‍ത്തു. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കരുതെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു.

അതേ സമയം കേസില്‍ ഇ.ഡി അന്വേഷണം നടക്കുകയാണെന്ന് കോടതി വ്യക്തമാക്കി.ഇതിനിടെ സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പട്ടു. സ്വപ്നയുടെ അഭിഭാഷകര്‍ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടി വരുമെന്നുo ക്രൈംബ്രാഞ്ച് കോടതിയെ ബോധിപ്പിച്ചു. സത്യവാങ്ങ്മൂലം പൊതു രേഖയാണെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്‍റെ വാദം.
അതേസമയം തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും കേന്ദ്ര സേനയുടെ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വപ്നയുടെ അപേക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായി ഇഡി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മറുപടിയ്ക്ക് ഒരാഴ്ച സമയം നല്‍കണമെന്നും ഇ ഡി കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 22ലേക്ക് മാറ്റുകയായിരുന്നു.
