
കൊച്ചി: അങ്കമാലിയിൽ വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ വാഹന അപകടത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. വാഹനം ഇടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതി ഡോക്ടർ സിറീയക് പി ജോർജാണ് പോലീസ് കസ്റ്റഡിയിലായത്. വാഗമൺ പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അങ്കമാലി പോലീസിന് കൈമാറി. നേരത്തെ, പ്രതിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് ജോർജ് മാത്യുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങൾക്ക് മുമ്പാണ് അമിത വേഗതയിലെത്തിയ കാറിടിച്ച് ജാസ്ലിയ എന്ന പെൺകുട്ടിയാണ് മരിച്ചത്. പിന്നീട് ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതോടെ പോലീസിന് എതിരെ വലിയ പ്രധിഷേധം ഉയർന്നിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വാഹനം കണ്ടെത്തി പ്രതിയെ തിരിച്ചറിഞ്ഞു. അപകടം വരുത്തിയ വാഹനം തുറവൂരിൽ നിന്ന് വാഹനം പോലീസ് കണ്ടെത്തിയിരുന്നു. ചാലാക്കൽ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി വിദ്യാർത്ഥിയാണ് ഡോ. സിറിയക് പി ജോർജ്. മരണപ്പെട്ട എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
