
‘ രാജ്യത്തിന് വേണ്ടത് ഇവനെപ്പോലെയുള്ളവര്‍. എൻ്റെ എല്ലാ സ്വത്തും അവനു നല്‍കുകയാണ് ‘ ഡെറാഡൂണിലെ വയോധികയായ പുഷ്പ മുഞ്ജിയലിൻ്റെ വാക്കുകളാണ്. 78 കാരിയായ പുഷ്പ തൻ്റെ സ്വത്ത് മുഴുവന്‍ രാഹുല്‍ ഗാന്ധിയുടെ പേരിലേക്ക് മാറ്റിയ ശേഷം പറഞ്ഞതാണ് ഈ വാക്കുകള്‍ . ഡെറാഡൂണില്‍ തനിക്കുള്ള എല്ലാ സ്വത്തുക്കളും രാഹുല്‍ ഗാന്ധിയുടെ പേരിലേക്ക് മാറ്റുകയാണെന്ന് ഈ അമ്മ പറയുന്നു.
രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിൻ്റെ ആശയങ്ങളും രാജ്യത്തിന് ആവശ്യമാണെന്നും പുഷ്പ വിവരിക്കുന്നു ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രീതം സിങ്ങിൻ്റെ വസതിയില്‍ വെച്ചാണ് തൻ്റെ സ്വത്ത് രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് 78 കാരിയായ പുഷ്പ താമസിക്കുന്നത്. 50 ലക്ഷം മൂല്യമുള്ള സ്വത്തുക്കളും 10 പവന്‍ സ്വര്‍ണവും ഉള്‍പ്പെടെ തൻ്റെ എല്ലാ സ്വത്തും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയായിരിക്കും അവകാശിയെന്ന് ഇവര്‍ അറിയിച്ചു.

വസ്തുവകകളുടെ ഉടമസ്ഥാവകാശം രാഹുല്‍ ഗാന്ധിക്ക് നല്‍കിക്കൊണ്ട് പുഷ്പ മുഞ്ജിയല്‍ ഡെറാഡൂണ്‍ കോടതിയില്‍ വില്‍പത്രം സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിൻ്റെ ആശയങ്ങളെയും രാജ്യത്തിന് ആവശ്യമാണെന്ന് പുഷ്പ മുഞ്ജിയാല്‍ വിശേഷിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ ചിന്തകള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും അതിനാലാണ് തൻ്റെ സ്വത്ത് അദ്ദേഹത്തിന് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
