
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്‌തിരുന്നതായി തെളിവുകൾ. രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബഹുഭാര്യത്വം ചൂണ്ടി കാണിച്ചാണ് പരാതി.
കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്‌തിരുന്നതായാണ് സ്‌ഥിരീകരിക്കാത്ത വിവരം. വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയാണ് പരാതി. ഒടുവിൽ രജിസ്റ്റർ ചെയ്‌ത യുവതി രാഹുലിൻ്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നടന്നത്. മുൻ വിവാഹങ്ങളുടെ വിവരം രാഹുലിൻ്റെ കുടുംബം മറച്ചു വെച്ചെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.
ഇതിനിടെ ഗാർഹിക പീഡനക്കേസിൽ യുവതിയുടെ കുടുംബം വനിത കമ്മീഷനും ആലുവ റൂറൽ എസ്.പിക്കും പരാതി നൽകി. രാഹുലിൻ്റെ അമ്മക്ക് എതിരെയും കേസെടുക്കണം എന്ന് യുവതിയുടെ മാതാവ് പറഞ്ഞു. രാഹുലിൻ്റെ അമ്മയും കേസിലെ പ്രധാന കണ്ണിയാണ്. വീണ്ടും മൊഴി എടുക്കാൻ എത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല രാഹുലിൻ്റെ മാതാവ്
ഗാർഹിക പീഡനക്കേസിൽ പ്രതികരിച്ച് പ്രതി രാഹുലിൻ്റെ മാതാവ്. സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല എന്ന് മാതാവ് ഉഷ പി.ടി പറഞ്ഞു. യുവതിയുടെ കാമുകൻ വിളിച്ചത് അന്ന് മോൻ കണ്ടുപിടിച്ചു. അവർ തമ്മിൽ ചാറ്റിംഗ് ആയിരുന്നു. അതായിരുന്നു പ്രശ്നമെന്നും മാതാവ് പ്രതികരിച്ചു.

യുവതി നമ്മളോട് സഹകരിച്ചില്ല. പിന്നെ എപ്പോ സ്ത്രീധനം ചോദിക്കാനാ? കാമുകൻ വിളിച്ചത് പിടിച്ചു. പലതവണ ചോദിച്ചപ്പഴാണ് പറഞ്ഞത്. അങ്ങനെയാണ് ഫോൺ എടുത്ത് മാറ്റിയത്. മോൾക്ക് മൂന്നുപേരുണ്ടെന്ന് പറഞ്ഞു. രണ്ട് പേര് വന്നപ്പോൾ ജാതകം ചേരുന്നില്ലെന്ന് കണ്ട് പറഞ്ഞുവിട്ടു. ഒന്ന് മുസ്ലിമാ. ഇതൊക്കെ രാഹുലറിഞ്ഞപ്പോ നിന്നെ ഇവിടെ എങ്ങനെ നിർത്തിയിട്ട് പോകുമെന്ന് ചോദിച്ചു.
ഞങ്ങളൊക്കെ ഒഴിവായി കൊടുക്കണമെന്നാണ്. അങ്ങനെയെങ്കിൽ അവൾ ഇവിടെ നിൽക്കും. അല്ലെങ്കിൽ തിരുവനന്തപുരത്ത്. അന്ന് ഉന്തും തള്ളും ഉണ്ടായിരുന്നു. അന്ന് വരെ പ്രശ്നമൊന്നുമില്ലായിരുന്നു. അന്ന് ബീച്ചിൽ പോയി വന്നിട്ട് പുലർച്ചെയാണ് പ്രശ്നമുണ്ടായത്. എനിക്ക് നട്ടെല്ലിന് സുഖമില്ല. ഞാൻ കാര്യമറിഞ്ഞില്ല. അതുകൊണ്ടാണ് പോയി നോക്കാത്തത്. ഫോൺ ചാറ്റിംഗ് പിടിക്കുന്നത് വരെ ഇവർ തമ്മിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല.
ദേഹത്ത് പാട് കണ്ടിരുന്നു. മോൻ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്. രാഹുൽ എവിടെയാണെന്ന് അറിയില്ല. വക്കീലിനെ കാണാനാണെന്ന് പറഞ്ഞ് ഇന്നലെ ഉച്ചക്കാണ് പോയത്. അവൾ പറഞ്ഞത് കള്ളമാണ്. മുമ്പത്തെ കല്യാണത്തിൻ്റെ കാര്യമൊക്കെ ഈ കുട്ടിയോട് പറഞ്ഞതാണ് എന്നും മാതാവ് പ്രതികരിച്ചു.
