‘കുന്തവും കുടച്ചക്രവുമല്ല ഭരണഘടന’; വിവാദ പ്രസംഗത്തിൽ സജി ചെറിയാന് അയോഗ്യതയില്ല, ഹർജി ഹൈക്കോടതി തള്ളി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ‘കുന്തവും കുടച്ചക്രവുമല്ല ഭരണഘടന’; വിവാദ പ്രസംഗത്തിൽ സജി ചെറിയാന് അയോഗ്യതയില്ല, ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: പ്രസംഗത്തിനിടെ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.മണികുമാറിൻ്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹർജി തള്ളിയത്. സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

ഇക്കഴിഞ്ഞ ജൂലൈയിൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം പരിപാടിയിൽ പ്രസംഗിക്കവെയാണ് സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയത്. ‘കുന്തവും കുടച്ചക്രവുമല്ല ഭരണഘടന’ എന്ന സജി ചെറിയാന്‍റെ പരമാർശം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സജി ചെറിയാനെ നിയമസഭാ അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി ബിജു.പി ചെറുമകന്‍, ബി.എസ്.പി സംസ്ഥാന പ്രസിഡണ്ട് വയലാര്‍ രാജീവന്‍ എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്.

ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. മന്ത്രി സ്ഥാനം രാജിവെച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും ഭരണഘടനയെ അപമാനിച്ച സജി ചെറിയാനെ എം.എല്‍.എയെ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണം എന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.

അതിനിടെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ പൊലീസ് നടത്തിവരുന്ന അന്വേഷണം ഉടൻ അവസാനിപ്പക്കും എന്നാണ് സൂചന. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് തിരുവല്ല കോടതിയുടെ നിർദേശപ്രകാരം സജി ചെറിയാനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

0Shares