
കണ്ണൂര്‍: കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ക്ഷേത്രത്തില്‍ മൃഗബലി അടക്കമുള്ള പൂജകള്‍ നടന്നു എന്ന ഡി കെ ശിവകുമാറിൻ്റെ പ്രസ്‌താവന തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. ബ്രാഹ്മണ പൂജ മാത്രം നടക്കുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ ഇല്ല. ക്ഷേത്രത്തിലോ പരിസരത്തോ മൃഗബലി നടത്തിയിട്ടില്ലെന്നും ക്ഷേത്രം ഭരണസമിതി വ്യക്തമാക്കി.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ ആരോപണം നൂറുശതമാനവും സത്യവിരുദ്ധമാണ്. ക്ഷേത്രത്തിനെ ഇതിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും ക്ഷേത്രം ഭരണസമിതി പ്രതികരിച്ചു. ക്ഷേത്രത്തില്‍ ശത്രുഭൈരവീ യാഗം നടത്തുന്നില്ല. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും മൃഗബലി ഇല്ലെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.

തളിപ്പറമ്പ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന ശിവകുമാറിൻ്റെ ആരോപണം സംസ്ഥാന ദേവസ്വം മന്ത്രി കെ.രാധാകൃഷ്‌ണനും തള്ളി. കേരളത്തില്‍ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണ്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി രാധാകൃഷ്‌ണൻ വ്യക്തമാക്കി.
കേരളത്തിൽ മൃഗബലി നടത്തിയെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ ആരോപണം തള്ളി പോലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്പെഷൽ ബ്രാഞ്ച് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. ക്ഷേത്രങ്ങളെയും പൂജാരികളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. കണ്ണൂർ ജില്ലയിലെ ചില പൂജാരിമാരുടെ വീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തിയാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് കൈമാറിയത്.
കയ്യിലെ ചരടുകളുടെ എണ്ണം കൂടി വരുന്നല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് തനിക്കെതിരെ കണ്ണൂരിലെ ഒരു ക്ഷേത്രത്തിന് സമീപം ശത്രുസംഹാര പൂജയും മൃഗബലിയും അടക്കം നടത്തിയിരുന്നതായി ഡി.കെ ശിവകുമാര്‍ വെളിപ്പെടുത്തിയത്.
