
കാസർകോട്: ഹോം ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്‍റെ വീട്ടില്‍ പോലീസ് ഉദ്യോഗസ്ഥർ അപമര്യാദയോട് കൂടി പെരുമാറിയതിന് തുടർന്ന് യുവാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കാസർകോട് ജില്ലയിലെ ചെമ്മനാട് ബെസ്റ്റ് ഹിൽ ഹൌസിൽ സിദ്ദിഖ് അഹമ്മദ് തൻസീഹ് ബി എച് ആണ് പരാതി നൽകിയത്.
ഈ വ്യക്തി ചെമ്മനാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസക്കാരനും കഴിഞ്ഞ എട്ടാം തിയതി സർക്കാരിന്‍റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ബാംഗളൂരിൽ നിന്നും തിരിച്ചു കേരളത്തിലേക്ക് വരികയും ചെയ്തതാണ്. കേരളത്തിൽ എത്തിയതിന് ശേഷം 3 ദിവസത്തെ ക്വാറന്റൈൻ സെന്റർ വാസത്തിനു ശേഷം വീട്ടിലേക്കു തിരിച്ചു വരികയും സർക്കാർ നിർദിഷ്ട ഹോം ക്വാറന്റൈൻ പ്രവേശിക്കുകയും ചെയ്തു. സർക്കാരിന്‍റെ എല്ലാ മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിച്ചു കൊണ്ട് കേരളത്തിലേക്ക് പ്രവേശിക്കുകയും ക്വാറന്റൈനിൽ പോവുകയും ചെയ്തതായ് ഇയാള്‍ പരാതിയില്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ 11ന് ശേഷം മേൽപറമ്പ സ്റ്റേഷനിൽ നിന്നും വന്ന പോലീസ് ഉദ്യോഗസ്ഥർ വീട്ട്കാരോട് മാന്യമല്ലാത്ത രീതിയിൽ പെരുമാറിയത് ക്വാറന്റൈനിൽ കഴിയുന്നവർക്കും വീട്ടുകാർക്കും വളരെ അധികം മനോ വിഷമം ഉണ്ടാക്കുന്നു എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

വീട്ടിലുള്ള മാതാപിതാക്കളോട് മാന്യതയില്ലാത്ത രീതിയിലാണ് മേൽപറമ്പ സ്റ്റേഷൻ ഉദ്യോഗസ്ഥർ പെരുമാറിയത്. തികച്ചും സൗമ്യയായ യുവാവിന്‍റെ മാതാവിനോട് ശബ്ദമുയർത്തിയും പേടിപ്പിക്കുന്ന രീതിയിലിലും കുറ്റവാളികളെ ചോദ്യം ചെയ്യുന്ന രീതിയിലുമാണ് സംസാരിച്ചത് എന്നും പരാതിയില്‍ ആരോപിക്കുന്നു.
ചട്ടഞ്ചാൽ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ താനും തന്‍റെ കുടുംബവും അതീവ ദുഖിതരാണ് , സന്തോഷവും സമാധാനവും ലഭിക്കുന്ന സ്വന്തം വീടുകളിൽ വന്നാണ് ഉദ്യോഗസ്ഥരുടെ ഈ മാന്യതയില്ലാത്ത പ്രകടനങ്ങൾ നടക്കുന്നത്.ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടുകാരോടുള്ള അപമര്യാദയോട് കൂടിയുള്ള ഈ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ് ആയതിനാൽ ഈ ഉദ്യോഗസ്ഥർക്ക് മേൽ മാതൃകാപരമായ നടപടികൾ സ്വീകരിക്കണം എന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
