
സിൽവർ ലൈനിൽ വിഷയത്തിൽ ശശിതരൂരും യു.ഡി.എഫും തമ്മിലുള്ള തർക്കം സമവായത്തിലേക്ക്. സിൽവർലൈനിലെ യു.ഡി.എഫ് സമരങ്ങളുടെ പാളം തെറ്റിച്ച തരൂരിനെ ഒപ്പം നിർത്താനുള്ള നീക്കത്തിന് മുൻകയ്യെടുത്തത് പ്രതിപക്ഷ നേതാവ് വി.ഡിസതീശനാണ്. പദ്ധതി പഠിക്കാൻ സമയം ചോദിച്ച തരൂരിനെ സതീശൻ കഴിഞ്ഞ ദിവസം യു.ഡി.എഫിൻ്റെ പഠന റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങളും മുന്നണി ഉന്നയിക്കുന്ന സംശയങ്ങളും ചോദ്യങ്ങളും ചേർത്ത് കത്ത് നൽകി.

മുന്നണി നിലപാടിനൊപ്പം തരൂരും നിൽക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് കഴിഞ്ഞ ദിവസം നൽകിയ മറുപടിയിലാണ് തരൂർ അയയുന്നുവെന്ന സൂചന നൽകിയത്. യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് കാണിച്ച് തരൂർ മറുപടി നൽകിയതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു. യു.ഡി.എഫിന് നിലപാടിനൊപ്പമാണെന്ന് തരൂർ തന്നെ പരസ്യമാക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. അതേ സമയം തരൂരിനെ നിയന്ത്രിക്കണമെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻആവർത്തിച്ചു.
യു.ഡി.എഫ് പഠനറിപ്പോർട്ട് അടക്കം നൽകാതെ കൂടിയാലോചനയില്ലാതെ പദ്ധതിയെ എതിർക്കാൻ തീരുമാനച്ചതിലുള്ള തരൂരിൻറെ അതൃപ്തി സതീശൻ്റെ കത്തോടെ മാറിയെന്നാണ് വിവരം. തരൂർ മുന്നണിക്കൊപ്പമെന്ന് പ്രതിപക്ഷനേതാവ് പറയുമ്പോഴും ശശി തരൂർ പരസ്യമായി സ്വീകരിക്കുന്ന പുതിയ നിലപാടിൽ ആകാംക്ഷയുണ്ട്.
