
ബൈബിളില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ച് ഖുറാനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്ന അമേരിക്കന്‍ പൊലീസ് എന്നുള്ള അവകാശവാദവുമായി ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് സജീവമാണ്. ‘എന്താണ് ‘സഹിഷ്ണുത ‘ എന്ന് അമേരിക്കയെക്കണ്ട് ഇന്ത്യക്ക് പഠിക്കേണ്ട അവസ്ഥയാണിപ്പോള്‍ ……പുതിയ യുഎസ് പോലീസ് മേധാവി ബൈബിളില്‍ സത്യം ചെയ്യാന്‍ വിസമ്മതിക്കുകയും തന്‍റെ പുതിയ സ്ഥാനത്തിനായി ഖുറാനെ വിളിക്കുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. . .’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.
എന്നാല്‍ പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യുഎസ് പൊലീസ് ചീഫ് ബൈബിളില്‍ തൊട്ട് സത്യവാചകം ചൊല്ലാന്‍ വിസമ്മതിച്ച ദൃശ്യങ്ങളല്ല പ്രചരിക്കുന്നത്. യു.എസിലെ ആദ്യ മുസ്ലീം പൊലീസ് ചീഫാണ് ബെക്കോറ. അദ്ദേഹം ഖുറാനില്‍ തൊട്ടാണ് സത്യവാചകം ചൊല്ലിയതെന്നും വാസ്തവമാണ്. എന്നാല്‍ ബൈബിളില്‍ തൊട്ട് സത്യവാചകം ചൊല്ലാന്‍ വിസമ്മതിച്ചശേഷമല്ല ബെക്കോറ ഖുറാന്‍ ആവശ്യപ്പെട്ടത്. വീഡിയോയില്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പാര്‍ട്ടേഴ്‌സണ്‍ മേയര്‍ ആേ്രന്ദ സെയ്ഗ് ആണ്.

സത്യവാചകം ചൊല്ലാന്‍ കൈ ഉയര്‍ത്താന്‍ മേയര്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ സമയം ഖുറാന്‍ വേണമെന്ന് ബെക്കോറ ആവശ്യപ്പെടുകയും ഖുറാന്‍ നല്‍കാന്‍ മേയര്‍ പറയുകയും ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം വീഡിയോയില്‍ വ്യക്തമാണ്.
മാത്രമല്ല യു.എസിലെ പൊലീസ് ചീഫുമാരുടെ സ്ഥാനാരോഹണത്തിന് ബൈബിളില്‍ തൊട്ട് സത്യവാചകം ചൊല്ലണമെന്ന് നിര്‍ബന്ധമില്ല. സാധാരണ സത്യപ്രതിജ്ഞകള്‍ ചൊല്ലുമ്പോള്‍ വലതുകൈ ഉയര്‍ത്തിപ്പിടിക്കുന്നതുപോലെ പിടിച്ചാല്‍മതി. ഇത്തരത്തില്‍ വിവിധ പൊലീസ് മേധാവിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഞങ്ങള്‍ കണ്ടെത്തി. ഇവയിലെല്ലാം വലതുകരം ഉയര്‍ത്തി സത്യപ്രതിജ്ഞ ചെയ്യുന്നത് നമുക്ക് കാണാനാകും.
എന്നാല്‍ ഇതല്ലാതെ വിശ്വാസികള്‍ക്ക് ബൈബിളില്‍ തൊട്ട് സത്യവാചകം ചൊല്ലുകയുമാകാം. ഇബ്രാഹിം ബെക്കോറെയ്ക്ക് മുന്‍പ് പാര്‍ട്ടേഴ്‌സണ്‍ പൊലീസ് ചീഫായിരുന്ന ടോറി ഒസ്വാള്‍ഡ് ബൈബിളില്‍ തൊട്ടാണ് സത്യവാചകം ചൊല്ലിയത്.
