സൂപ്പര്‍വൈസറുടെ ലൈംഗിക ഇംഗിതങ്ങള്‍ക്ക്​ വഴങ്ങിയില്ല; വനിതാജീവനക്കാരെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ആശുപത്രി

  • Post category:news
  • Reading time:1 min read
You are currently viewing സൂപ്പര്‍വൈസറുടെ ലൈംഗിക ഇംഗിതങ്ങള്‍ക്ക്​ വഴങ്ങിയില്ല; വനിതാജീവനക്കാരെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ആശുപത്രി

സൂപ്പർവൈസറുടെ ലൈംഗിക ഇംഗിതങ്ങൾക്ക്​ വഴങ്ങാത്ത വനിതാജീവനക്കാരെ സർക്കാർ ആശുപത്രിയിൽനിന്ന്​ പിരിച്ചുവിട്ടതായി ആരോപണം. പിരിച്ചുവിടുമ്പോൾ മൂന്നു മാസത്തെ ശമ്പളം പോലും ഇവർക്ക്​ സൂപ്പർവൈസർ നിഷേധിച്ചുവെന്നാണ്​ ആരോപണം​.​ സംഭവം വിവാദമായതോടെ അന്വേഷണത്തിന്​ മുഖ്യമന്ത്രി വിജയ്​ രൂപാണി ഉത്തരവിട്ടിട്ടുണ്ട്​.

ഗുജറാത്തിലെ ജാംനഗറിലുള്ള ഗുരുഗോവിന്ദ്​ സിങ്​ സർക്കാർ ആശുപത്രിയിലാണ്​ സംഭവം. കരാർവ്യവസ്​ഥയിൽ ജോലിചെയ്യുന്ന വനിത അറ്റൻഡർമാരാണ്​ പരാതിക്കാർ. സബ്​ ഡിവിഷനൽ മജിസ്​ട്രേട്ട്​, അസി. പൊലീസ്​ സൂപ്രണ്ട്​, ആശുപത്രി ഡീൻ എന്നിവർ അടങ്ങിയ മൂന്നംഗ സമിതിയെ അന്വേഷണത്തിന്​ നിയോഗിച്ചതായി ആഭ്യന്തര മന്ത്രി പ്രദീപ്​ സിങ്​ ജഡേജ പറഞ്ഞു.

പുറംകരാർ നൽകുന്ന സ്വകാര്യ ഏജൻസിയാണ്​ വനിത ജീവനക്കാരെ ആശുപത്രിക്ക്​ കൈമാറിയത്​. വാർഡിലെ പുരുഷസഹായികളെ ഉപയോഗിച്ച്‌​ ചില ജീവനക്കാരികളോട്​​ സൗഹൃദവാഗ്​ദാനവും സൂപ്പർവൈസർ നടത്തിയിരുന്നു. ചിലരെ ലൈംഗികമായി പീഡിപ്പിച്ചതായും ആരോപണമുണ്ട്​.

0Shares