
തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജിൻ്റെ കൊലപാതകത്തിൽ ഒന്നാംപ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്. തൊടുപുഴ കോടതിയാണ് നിഖിൽ പൈലിക്കായുള്ള അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്ന ദിവസം കോടതിയിൽ ഹാജരാകാത്തതിനാലാണ് നടപടി. നിഖിൽ പൈലിയെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിടാൻ പൊലീസിന് നിർദേശം നൽകി.
കുറ്റപത്രം വായിച്ചു കേൾപ്പിക്കാനായി കേസ് അടുത്തമാസം നാലിലേക്ക് മാറ്റി. അതേസമയം അറസ്റ്റ് വാറണ്ട് നില നിൽക്കെയാണ് നിഖിൽ പൈലി പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തിയത്.

കൊലക്കേസ് പ്രതി, ചാണ്ടി ഉമ്മൻ്റെ പ്രചാരണത്തിനെത്തിയത് പുതുപ്പള്ളിയിൽ ഡി.വൈ.എഫ്.ഐ ആയുധമാക്കിയിരുന്നു. ധീരജ് കൊലക്കേസ് പ്രതിയായ നിഖിൽ പൈലിയെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞിരുന്നു.
