
കോഴിക്കോട്: ഉത്തരമലബാറിലെ സ്വകാര്യ ക്ഷേത്രങ്ങളിലെ ഒരു വിഭാഗം ആചാര സ്ഥാനികരോടുള്ള അവഗണനയ്ക്ക് എതിരെ തീയ്യക്ഷേമസഭ കോഴിക്കോട് മലബാർ ദേവസ്വം ബോർഡിൽ പ്രതിഷേധ ധർണ്ണ സമരം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ഇന്ന് സമരം നടന്നത്. മലബാർ ദേവസ്വം ബോർഡ് മുഖേന ലഭിച്ചുവരുന്ന പ്രതിമാസ വേതനം ലഭ്യമാവുന്നതിൽ നിന്ന് നിരവധി ആചാരസ്ഥാനികരാണ് മാറ്റിനിർത്തപ്പെട്ടിരിക്കുന്നത്.
അർഹതയുണ്ടായിട്ടും നിരവധി ആചാരസ്ഥാനികർ ഈ അർഹമായ ധനസഹായം ലഭിക്കാതെ തഴയപ്പെട്ടു എന്ന് മാത്രമല്ല 2016 ന് ശേഷം പുതിയ അപേക്ഷ ക്ഷണിക്കാത്തതിനാൽ ധനസഹായം ലഭിക്കുന്നവരുടെ ലിസ്റ്റിലില്ലാത്ത ആചാരസ്ഥാനികർക്ക് ധനസഹായത്തിനുള്ള അപേക്ഷ നല്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഉത്തരമലബാറിലെ വയനാട്ടു കുലവൻ ദേവസ്ഥാനങ്ങളിലെ വെളിച്ചപ്പാടന്മാർ, ആചാരപ്പെട്ട മടയന്മാർ, നിലവിൽ ആചാരസ്ഥാനികർക്കുള്ള വേതനം ലഭിക്കാതെ മാറ്റിനിർത്തപ്പെട്ട മറ്റ് ആചാരസ്ഥാനികർ എന്നിവർക്കെല്ലാം മലബാർ ദേവസ്വം ബോർഡ് മുഖേന സർക്കാർ നൽകിവരുന്ന ധനസഹായം ലഭിക്കുന്നില്ല.

അർഹതയുണ്ടായിട്ടും മാറ്റിനിർത്തപ്പെട്ട എല്ലാ ആചാരസ്ഥാനികർക്കും ഈ ധനസഹായം ലഭ്യമാക്കുന്നതിനായി പുതിയ അപേക്ഷ ക്ഷണിച്ചുകൊണ്ട് എല്ലാ ആചാരസ്ഥാനികരെയും ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് സമരത്തിൽ ആവശ്യപ്പെട്ടു. മലബാർ ദേവസ്വം ബോർഡിൻ്റെ ലിസ്റ്റിൽ ഉൾപ്പെട്ട സ്വകാര്യ സമുദായക്ഷേത്രങ്ങൾ സമുദായങ്ങളുടെ സ്വകാര്യ ആരാധനാലയങ്ങളാണെന്നും അവ കേന്ദ്രീകരിച്ചാണ് ഓരോ സമുദായങ്ങളും അവരുടെ സാമുദായിക കൂട്ടായ്മകൾ നിലനിർത്തുന്നതെന്നും ആയതിനാൽ അത്തരം മലബാർ ദേവസ്വം ബോർഡ് ലിസ്റ്റിൽ ഉൾപ്പെട്ട സമുദായക്ഷേത്രങ്ങൾ പൂർണമായും സമുദായങ്ങൾക്കും പാരമ്പര്യ അവകാശികൾക്കും പൂർണമായും തിരികെ വിട്ട് നൽകണമെന്നും തീയ്യക്ഷേമസഭ ആവശ്യപ്പെട്ടു.

ധർണാസമരം തീയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റി ചെയർമാൻ കെ. വി ശ്രീരാജ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. തീയ്യക്ഷേമസഭ ജനറൽ കൺവീനർ വിനോദൻ വി.വി തുരുത്തി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ മധുസൂദനൻ കെ.ടി കുറ്റിക്കോൽ, എം.വി ചന്ദ്രൻ പാലക്കാട്ട്, സുകേഷ് ടി.വി, ചന്ദ്രൻ കെ.ആർ പാലാർ, സൂരജ് യു.കെ തൃക്കരിപ്പൂർ, സുനിത്ത് പി മാഹി, പ്രദീപൻ വി.വി ഒദയമാടം, രമിത്ത് ഇ കണ്ണപുരം, പ്രഭാകരൻ കുണ്ടൂച്ചി, മോഹനൻ കുന്നത്ത്, ഷാജി കാരാട്ട് തുടങ്ങിവർ സംസാരിച്ചു. തീയ്യക്ഷേമസഭ സംസ്ഥാന, ജില്ലാ, യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.
