ലോക്ഡൗണില്‍ ഹഫീസയ്ക്ക് തുണയായി വനിതാ ശിശുവികസന വകുപ്പ്

  • Post category:local news / news
  • Reading time:1 min read
You are currently viewing ലോക്ഡൗണില്‍ ഹഫീസയ്ക്ക് തുണയായി വനിതാ ശിശുവികസന വകുപ്പ്

മഞ്ചേശ്വരത്തെ വാടക വീട്ടില്‍ താമസിച്ചു വന്നിരുന്ന ഹഫീസ ബാനുവിനും കുടുംബത്തിനും വനിതാശിശു വികസനവകുപ്പിന്‍റെയും ജില്ലാ ഐ.സി.ഡി.എസ് ഓഫീസിന്‍റെയും കരുതല്‍. ഭര്‍ത്താവുമൊത്ത് വാടക വീട്ടില്‍ കഴിയുന്ന പൂര്‍ണ്ണ ഗര്‍ഭിണിയായ ഹഫീസയ്ക്ക് ലോക്ഡൗണിനെ തുടര്‍ന്ന് ഉഡുപ്പിയിലെ സ്വന്തം വീട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല. മെയ് അഞ്ചാം തീയ്യതി പ്രസവിക്കേണ്ട ഇവര്‍ക്ക് ഏപ്രില്‍ 24 ന് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.

പ്രദേശത്തെ അംഗണ്‍വാടി ടീച്ചറുടെ കൃത്യ സമയത്തെ ഇടപെടലിനെ തുടര്‍ന്ന് യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് വകുപ്പ് ജീവനക്കാര്‍ എത്തിച്ചു. തുടര്‍ന്ന് ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസിലെ സ്‌കൂള്‍ കൗണ്‍സിലര്‍ ടോള്‍സി ഇടപെട്ടു. ലോക്ഡൗണിലെ ഏകാന്തതയും ഭാര്യയുടെ കന്നി പ്രസവ സമയത്ത് ബന്ധുക്കളാരും കൂടെയില്ലാത്തതും മാനസികമായി തകര്‍ത്ത ഇവരുടെ ഭര്‍ത്താവിന് കൃത്യമായ കൗണ്‍സലിങും ആവശ്യമായ സേവനങ്ങളും നല്‍കാന്‍ വനിതാ ശിശു വികസന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഇടപെടലിലൂടെ സാധിച്ചു.

ആശുപത്രിയില്‍ ഹഫീസ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവശേഷം ആംബുലന്‍സില്‍ ഇവരെ വാടക വീട്ടിലേക്ക് തിരികെ എത്തിച്ചു. പ്രസവ ശേഷമുള്ള പരിചരണങ്ങളും ശുശ്രൂഷകളും നല്‍കാനായി ഭാര്യയുടെ വീട്ടില്‍ എത്തിക്കണമെന്ന ആവശ്യവുമായി വീണ്ടും വകുപ്പുമായി യുവതിയുടെ ഭര്‍ത്താവ് വീണ്ടും ബന്ധപ്പെട്ടു. പ്രസവ ശേഷമുള്ള സ്ത്രീകളുടെ ശാരീരിക മാനസീക ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് വകുപ്പ് ജീവനക്കാര്‍ ഹഫീസ ബാനുവിനെ ഉഡുപ്പിയിലുള്ള അവരുടെ വീട്ടില്‍ സുരക്ഷിതമായി എത്തിച്ചു.

0Shares