കോവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു; കസബ കടപ്പുറത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപെടുത്തി അരോഗ്യ വകുപ്പ്

  • Post category:local news
  • Reading time:1 min read
You are currently viewing കോവിഡ്  കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു;  കസബ കടപ്പുറത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപെടുത്തി അരോഗ്യ വകുപ്പ്

കാസര്‍കോട്: കസബ നെല്ലിക്കുന്ന് തീരദേശ പ്രദേശങ്ങളില്‍ കോവിഡ് 19 കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം ),കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചുകൊണ്ടു നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണെന്ന് ഡി. എം. ഒ ഡോ .രാംദാസ് എ.വി അറിയിച്ചു.

ഡോ വിവേക് , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി കെ ഉണ്ണികൃഷ്ണന്‍, മഹേഷ് കുമാര്‍ പി വി , ശ്രീജിത്ത് കെ എന്നിവരടങ്ങിയ ടീമാണ് സാമ്പിള്‍ കളക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നത്. തുടക്കത്തില്‍ പ്രദേശത്ത് പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ആരോഗ്യ വകുപ്പ് സ്രവ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു .ക്യാമ്പിന്‍റെ ഭാഗമായി 78 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ തന്നെ 30 ഓളം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ആകെ 268 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ 106 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ വര്‍ദ്ധിച്ചതോടെ ഈ പ്രദേശം പ്രത്യേക ക്ലസ്റ്ററായി രൂപപ്പെടുകയും കോവിഡിന്‍റെ വ്യാപനത്തോത് കണ്ടെത്തുന്നതിനായി പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയുണ്ടായി . പ്രദേശത്തിനകത്തേയ്ക്കും പുറത്തേക്കുമുള്ള യാത്ര പൂര്‍ണമായും നിരോധിച്ചു . പ്രദേശത്തെ ഫിഷറീസ് സ്‌കൂളില്‍ പ്രത്യേക പരിശോധന കേന്ദ്രം തുറന്നു.

കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെയും ,രോഗ ലക്ഷണങ്ങളുള്ളവരുടെയും പ്രത്യേകം ലിസ്റ്റുകള്‍ തയ്യാറാക്കിക്കൊണ്ട് പരിശോധന നടത്തുന്നതിനോടൊപ്പം കേന്ദ്രത്തില്‍ സജ്ജീകരിച്ച മെഡിക്കല്‍ ക്യാമ്പിലൂടെ പ്രാഥമിക ചികിത്സ ലഭ്യമാക്കിവരികയും ചെയ്യുന്നു. മുന്‍പ് മലേറിയ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശമായതിനാല്‍ മലേറിയ രോഗനിര്‍ണയത്തിനുള്ള പ്രത്യേക പരിശോധനയും ഇതോടൊപ്പം നടത്തിവരുന്നു.

ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ ഉടന്‍തന്നെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതോടൊപ്പം നെഗറ്റീവ് ആകുന്നവരെ 14 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ഉറപ്പുവരുത്താനും നടപടികള്‍ സ്വീകരിച്ചു. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് തീരപ്രദേശത്ത് തന്നെ പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങുന്നതിനും ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ഭക്ഷണ കിറ്റ് വിതരണം നടത്താനുമുള്ള നടപടികളും സ്വീകരിച്ചു വരുന്നു.

0Shares