
സന്തോഷ് നഗർ (കാസർകോട്): ദേശിയ പാത നിർമ്മാണത്തിൽ റോഡിൻ്റെ ഇരുവശങ്ങളും ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം നിലനിക്കുന്നതിനാൽ ഏറെ ജനസാന്ദ്രതയുള്ള ചെങ്കള ഗ്രാമ പഞ്ചായത്തിലെ 20, 11 എന്നി വാർഡുകൾ ഉൾകൊള്ളുന്ന സന്തോഷ് നഗറിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പ്രപ്പോസലിൽ എട്ടാം നമ്പർ ആയി പരിഗണിച്ചതല്ലാതെ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചില്ല എന്ന് നാട്ടുകാർ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാകളക്ടറെ സമീപിച്ചപ്പോൾ ദേശിയ പാത അതോറിട്ടിയുടെ തീരുമാനമാണ് വേണ്ടത് എന്നാണ് മറുപടി ലഭിച്ചത്.

റോഡ് വികസനം നാടിൻ്റെ പുരോഗതിക്ക് അനിവാര്യമാണ്. എന്നാൽ നാടിനെ വിഭജിക്കുന്ന രീതിയിലുള്ള വികസനം ദോഷം ചെയ്യുന്നതിനാൽ പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ് നാട്ടുകാർ. സന്തോഷ് നഗറിലെയും സമീപ പ്രദേശമായ കുഞ്ഞിക്കാനം, മാര, തോട്ടി, താഴെ ചെങ്കള ഉൾപ്പടെയുള്ള സ്ഥലങ്ങളിലെയും വിദ്യാർത്ഥികൾ അടക്കമുള്ള ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ഇത് കാര്യമായി ബാധിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ, കച്ചവട വ്യവസായ സ്ഥാപനങ്ങൾ അടക്കമുള്ള പ്രദേശം കൂടിയാണ് സന്തോഷ് നഗർ. ഇവിടം അടിപ്പാത വേണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ.

അടിപ്പാത നിർമ്മിച്ചില്ലങ്കിൽ റോഡിൻ്റെ ഇരു വശങ്ങളും ഒറ്റപ്പെട്ട് നാട് വിഭജിക്കുന്ന രീതിയിലാണ് റോഡിൻ്റെ പ്രവൃത്തി നടന്നു വരുന്നത്. നിലവിലുള്ള ഭൂ പ്രകൃതിയിൽ നിന്നും ഏറെ മാറ്റങ്ങൾ വരുത്തിയാണ് റോഡ് നിർമ്മാണം. ചില ഇടങ്ങളിൽ ഏറെ ഉയരം വരുത്തിയാണ് പ്രവർത്തി പുരോഗമിക്കുന്നത്. സന്തോഷ് നഗറിൽ മൂന്ന് മീറ്ററോളം റോഡ് ഉയരും എന്നാണ് നാട്ടുകാർ പറയുന്നത്. ഇതോടെയാണ് അടിപ്പാത വേണം എന്ന ആവശ്യം നാട്ടുകാർ മുന്നോട്ട് വെക്കുന്നത്. അടിപ്പാത നിർമ്മിച്ചില്ലങ്കിൽ റോഡിൻ്റെ മറുവശം കടക്കാൻ കിലോമിറ്ററോളം വാഹനത്തിൽ പോകേണ്ട അവസ്ഥയിലേക്ക് നാട് വിഭജിക്കും എന്നാണ് നാട്ടുകാർ പറയുന്നത്.

ദേശിയ പാത 66 സന്തോഷ് നഗർ ജനകീയ ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്‌ന ധർണ്ണ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാദർ ബദ്രിയ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹനീഫ പാറ, വാർഡ് മെമ്പർമാരായ ഫായിസ നൗഷാദ്, ഖൈറുന്നിസ സുലൈമാൻ, പൊതുപ്രവർത്തകരായ കബീർ ചെർക്കളം, സിദ്ദിഖ് സന്തോഷ് നഗർ, റൗഫ് നെക്കര, സുബൈർ മാര, ഷാഫി സി.എ, ജമാഅത്ത് ഭാരവാഹികളായ പി.എ അബ്ദുല്ല മാര, അബ്ദുല്ല കുഞ്ഞി മാസ്റ്റർ, മൊയ്തു തോട്ടത്തിൽ, ആക്ഷൻ കമ്മിറ്റി ചെയർമാൻ മജീദ് സന്തോഷ് നഗർ, കൺവീനർ ഹമീദ് നെക്കര, ട്രെഷറർ റഹ്മാൻ ബേക്കറി, മഹ്മൂദ് കുഞ്ഞിക്കാനം, ജാസിം എസ്.എ തുടങ്ങിയവരും മറ്റു വിശിഷ്ട്ട വ്യക്തികളും പ്രതിഷേധത്തിൽ പങ്കാളികളായി.
