മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടി; കണ്ണൂരിൽ പോലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടി; കണ്ണൂരിൽ  പോലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

തളിപ്പറമ്പിൽ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡിൽ നിന്നും പണം മോഷ്ടിച്ച സംഭവത്തിൽ പോലീസുകാരനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഇ. എൻ ശ്രീകാന്തിനാണ് ജോലി നഷ്ടമായത്. അര ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ.

ഗോകുൽ എന്നയാളെ നേരത്തെ എ.ടി.എം കാർഡ് മോഷ്ടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് സഹോദരിയുടെ എ.ടി.എം കാർഡും കണ്ടെടുത്തു. ഈ കാർഡാണ് ശ്രീകാന്ത് കൈക്കലാക്കിയത്. പിന്നീട് അന്വേഷണത്തിൻ്റെ ഭാഗമാണെന്ന് പറഞ്ഞ് ഗോകുലിൻ്റെ സഹോദരിയിൽനിന്ന് എ.ടി.എം കാർഡിൻ്റെ പിൻ നമ്പർ സ്വന്തമാക്കി.

ഇതിനുശേഷം 9500 രൂപ പിൻവലിച്ചതായും ബാക്കി പണംകൊണ്ട് സാധനങ്ങൾ വാങ്ങിയെന്നുമാണ് കണ്ടെത്തിയത്. പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ സഹോദരി തളിപ്പറമ്പ് ഡി.വൈ.എസ്പിക്ക് പരാതി നൽകിയതോടെയാണ് ശ്രീകാന്തിൻ്റെ തൊപ്പി തെറിച്ചത്. ആദ്യം അന്വേഷണ വിധേയമായി ശ്രീകാന്തിനെ സസ്‌പെൻഡ് ചെയ്തു.

അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ച് കേസ് പിൻവലിച്ചു. എന്നാൽ, ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിലനിൽക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

0Shares