
കൊളത്തൂർ / കാസർകോട്: ദീർഘനാളത്തെ ചികിത്സക്കും വേദനയ്ക്കുമൊടുവിൽ കൊളത്തൂർ, ബറോട്ടിയിലെ ആതിര അശോക് വിടപറഞ്ഞു. കാൽമുട്ടിൽ ഉണ്ടായ വേദനയെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് അർബുദമാണെന്ന് തിരിച്ചറിഞ്ഞത്. ജീവിതത്തിൽ ആരോഗ്യവതിയായിരുന്ന ആതിരയുടെ ജീവൻ അർബുദം കവർന്നെടുക്കുമെന്ന് ആരും കരുതിയിരുന്നില്ല. വേദന പിടിമുറുക്കിയ ചികിത്സയുടെ കഠിനമായ വഴികളിലും ജീവിതം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷകളിലായിരുന്നു എല്ലാവരും.

ബാലസംഘത്തിലും എസ്.എഫ്.ഐ യിലും പ്രവർത്തിച്ച് നാടിൻ്റെ പ്രിയപ്പെട്ടവളായി. ബാലസംഘം ബേഡകം ഏരിയ മുൻ പ്രസിഡന്റായും എസ്.എഫ്.ഐ യുടെ ഏരിയാ വൈസ്. പ്രസിഡണ്ടായും പ്രവർത്തിച്ചു. മികച്ച സംഘാടകയും കലാ- സാംസ്കാരിക പ്രവർത്തനങ്ങളിൽ തനതായ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. വേനൽതുമ്പി ജില്ലാ പരിശീലകയാണ്. നിരവധി പരിപാടികൾക്ക് ഡാൻസ് കൊറിയോഗ്രാഫിയും ചെയ്തു. കൊളത്തൂർ ഗവ.യു.പി സ്കൂൾ, കുണ്ടംകുഴി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, മുന്നാട് പീപ്പിൾസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
ആതിരയുടെ ചികിത്സയ്ക്ക് സഹായകമ്മറ്റി രൂപീകരിക്കുകയും കോഴിക്കോട് ആശുപത്രിയിൽ രണ്ടുവർഷത്തോളമായി വിദഗ്ധ ചികിത്സ നടത്തിവരികയുമായിരുന്നു. കൊളത്തൂർ ബറോട്ടിയിലെ അശോകന്റെയും രാജശ്രീയുടെയും മകളാണ്. ആര്യയാണ് സഹോദരി.

ആതിരയുടെ അകാല വിയോഗത്തിൽ നാടൊന്നാകെ ആദരാഞ്ജലി അർപ്പിച്ചു. ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ധന്യ, വാർഡ് മെമ്പർ ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യൂ, സി.പി.എം ജില്ലാ സെകട്ടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ, കെ.വി കുഞ്ഞിരാമൻ, ബേഡകം ഏരിയാ സെകട്ടറി സി.ബാലൻ, എം.അനന്തൻ, ഓമന രാമചന്ദ്രൻ, സി.രാമചന്ദ്രൻ, കെ.പി രാമചന്ദ്രൻ, രാധാകൃഷ്ണൻ ചാളക്കാട്, ലോക്കൽ സെക്രട്ടറി കുഞ്ഞിക്കണ്ണൻ ചാളക്കാട്, ബ്രാഞ്ച് സെക്രട്ടറി അസൈനാർ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സി.ജെ സജിത് ബ്ലോക്ക് സെക്രട്ടറി കെ.സുധീഷ്, പ്രസിഡണ്ട് കെ.പി ദിവീഷ്, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആൽബിൻ മാത്യൂ, ഏരിയാ സെക്രട്ടറി വിഷ്ണു ചേരിപ്പാടി, ഷൈജിന തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
