ചന്ദ്രഗിരിപ്പുഴയില്‍ കാണാതായ ഹോട്ടല്‍ വ്യാപാരി; കാസര്‍കോട് ഹാര്‍ബര്‍ ഭാഗത്ത് മൃതദേഹം കണ്ടെത്തി

You are currently viewing ചന്ദ്രഗിരിപ്പുഴയില്‍ കാണാതായ ഹോട്ടല്‍ വ്യാപാരി; കാസര്‍കോട് ഹാര്‍ബര്‍ ഭാഗത്ത് മൃതദേഹം കണ്ടെത്തി

കാസര്‍കോട്: ചന്ദ്രഗിരി പുഴയില്‍ കാണാതായ ഹോട്ടല്‍ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് സിറ്റിടവറിന് സമീപം ജ്യൂസ് മഹല്‍ എന്ന പേരില്‍ ഹോട്ടല്‍ നടത്തിയിരുന്ന ഉളിയത്തടുക്ക റഹ്‌മത്ത് നഗര്‍ ദാറുല്‍ഷിഫാ മന്‍സിലിലെ ബി.എം ഹസൈനാറി(46)ൻ്റെ മൃതദേഹമാണ് ശനിയാഴ്‌ച രാവിലെ പത്ത് മണിയോടെ കാസര്‍കോട് ഹാര്‍ബറിന് സമീപം കണ്ടെത്തിയത്.

മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

വര്‍ഷങ്ങളായി കാസര്‍കോട്ട് ഹോട്ടല്‍ വ്യാപാരം നടത്തിയിരുന്ന ഹസൈനാര്‍ വെള്ളിയാഴ്‌ച രാവിലെ ആറ് മണിയോടെയാണ് ചന്ദ്രഗിരി പാലത്തില്‍ കാര്‍ നിര്‍ത്തി പാലത്തിന് സമീപം ചെരിപ്പ് അഴിച്ചുവെച്ച നിലയിലായിരുന്നു. ഉടന്‍തന്നെ പൊലീസിൻ്റെയും ഫയര്‍ഫോഴ്‌സിൻ്റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ പുഴയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

തിരച്ചില്‍ തുടര്‍ന്നുവരുന്നനിടെയാണ് കാസര്‍കോട് ഹാര്‍ബറിന് സമീപം മൃതദേഹം കണ്ടത്. ഹസൈനാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

പരേതരായ മുഹമ്മദിൻ്റെയും ഉമ്മാലിമ്മയുടേയും മകനാണ്. ഫസീല ഭാര്യയാണ്. അല്‍ഫാസ്, ആസിഫ്, നുസ, ഹാഷിം, സഹല്‍ എന്നിവർ മക്കളാണ്. നസീര്‍, നൗഫല്‍, നജ്‌ല എന്നിവരാണ് സഹോദരങ്ങള്‍.

0Shares