ജാതി മാറി പ്രണയവിവാഹം; മകളുടെ ഭര്‍ത്താവിനെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി

  • Post category:news
  • Reading time:1 min read
You are currently viewing ജാതി മാറി പ്രണയവിവാഹം; മകളുടെ ഭര്‍ത്താവിനെ ബന്ധുക്കള്‍  തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി

വീണ്ടും ദുരഭിമാനക്കൊലപാതകത്തിൻെറ നടുക്കുന്ന വാർത്ത. ജാതി മാറി വിവാഹം കഴിച്ചതിന് മകളുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ ഹേമന്ത് എന്ന യുവാവാണ് ജാതിവെറിക്കിരയായി കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച ഹൈദരാബാദിലെ ഗാച്ചിബൗളിയിലാണ് ക്രൂരായ കൊലപാതകം നടന്നത്. വ്യത്യസ്തമായ ജാതിയില്‍പ്പെട്ട ഹേമന്തും അവന്തിയും 2020 ജൂലൈയിലാണ് വിവാഹിതരാകുന്നത്.

ഏറെ കാലം പ്രണയത്തിലായിരുന്ന ഇവര്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ഒരുമിച്ച്‌ ജീവിതം തുടങ്ങിയത്. തുടക്കം മുതല്‍ വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നു. ഒടുവില്‍ അവന്തികയുടെ വീട്ടുകാര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുകയായിരുന്നു. വിവാഹത്തിന് ശേഷം ഗാച്ചിബൗളിയിലെ ടിഎന്‍ജിഒ കോളനിയില്‍ ആണ് ഹേമന്തും അവന്തികയും താമസിച്ചിരുന്നത്.

ഇവിടെ എത്തിയാണ് അവന്തികയുടെ ബന്ധുക്കള്‍ ഹേമന്തിനെ ബലമായി പിടിച്ചുകൊണ്ട് പോയി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ അവന്തിയുടെ കുടുംബാംഗങ്ങള്‍ ഇവരെ വിളിക്കുകയും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനായി വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇക്കാര്യം ഹേമന്ത് സ്വന്തം കുടുംബത്തെ അറിയിച്ചു. അവരോടും വീട്ടിലേയ്ക്ക് എത്താന്‍ ആവശ്യപ്പെട്ടു. മകന്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ വീട്ടിലെത്തിയപ്പോഴാണ് ഹേമന്തിനെയും അവന്തിയെയും അവന്തിയുടെ വീട്ടുകാര്‍ ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയതായി ഹേമന്തിന്‍റെ അച്ഛന് മനസിലായത്.

ഉടനെ അദ്ദേഹം അവരുടെ വാഹനത്തെ പിന്തുടര്‍ന്നു. എന്നാല്‍ മകനെയും മരുമകളെയും കണ്ടെത്താനായില്ല. യാത്രക്കിടെ ഗോപന്‍പള്ളിയില്‍വെച്ച്‌ അവന്തി വീട്ടുകാരുടെ വാഹനത്തില്‍നിന്ന് രക്ഷപ്പെട്ടു. ഏറെ നേരം അന്വേഷിച്ചിട്ടും മകനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഹേമന്തിന്‍റെ പിതാവ് മകനെയും മരുമകളെയും തട്ടിക്കൊണ്ടുപോയതായി കാണിച്ച്‌പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാത്രിയോടെ തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയവരെ പിടികൂടി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഹേമന്തിനെ കൊലപ്പെടുത്തിയ വിവരം പുറത്തറിയുന്നത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഹേമന്തിന്‍റെ മൃതദേഹം സങ്കറെഡ്ഡി ജില്ലയില്‍നിന്ന് കണ്ടെത്തി. അവന്തിയുടെ അമ്മാവനാണ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും നേതൃത്വം നല്‍കിയതെന്ന് പോലീസ് പറയുന്നു.

0Shares