
കോഴിക്കോട്ടെ സത്യധാര കമ്മ്യൂണിക്കേഷന്‍റെ കീഴില്‍ മലബാറിൽ നിന്നാരംഭിച്ച ആദ്യത്തെ ടെലിവിഷൻ ചാനൽ ദര്‍ശന ടിവിയിലെ 54 ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് പിരിച്ചുവിടല്‍ നോട്ടിസ് നല്‍കി. മാനേജ്‌മെന്റ് ഭാഗത്ത് നിന്നും ഉണ്ടായ ഈ നടപടി ക്രൂരമാണെന്നും സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും തൊഴിലാളികളെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ലോക്ക് ഡൌണ്‍ നെ തുടര്‍ന്ന് ഏപ്രില്‍ 17ാം തിയതിയാണ് ചാനലിലെ 54 പേര്‍ക്കും ഇമെയില്‍ വഴി പിരിച്ചുവിടല്‍ നോട്ടിസ് നല്‍കിയത്. ഈ മാസം 20 ന് ഓഫിസിലെത്തി പിരിച്ചുവിടല്‍ നോട്ടിസ് നേരിട്ട് കൈപറ്റണമെന്നാണ് നോട്ടിസില്‍ പറയുന്നത്. ഇത്രയും കാര്യങ്ങള്‍ പറയുമ്പോള്‍ പോലും ജോലിക്കാരുടെ ശമ്പള കുടിശികയെക്കുറിച്ചോ പിഎഫ് ആനുകൂല്യത്തെ കുറിച്ചോ കത്തില്‍ എവിടെയും സൂചിപ്പിച്ചിട്ടില്ല.
കൊവിഡ് 19 പ്രതിസന്ധി അഭിമുഖീകരിക്കവേ ഒരു സ്ഥാപനവും തൊഴിലാളികളെ പിരിച്ചുവിടരുതെന്ന സര്‍ക്കാരിന്റെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ദര്‍ശന ടിവി അതിലെ ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുന്നത്. എന്നാല്‍ ഉടമസ്ഥാവകാശം കൈമാറുന്നതിന്‍റെ ഭാഗമായ നടപടിയെന്നാണ് പിരിച്ചുവിടുന്നതിന് കാരണമായി കമ്പനി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
