
കാസര്‍കോട്: ചുമരിന് വിള്ളല്‍ വീണ് അപകടാവസ്ഥയിലായ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഉടുമ്പന്തല അങ്കണവാടി സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ .വി മനോജ് കുമാര്‍, അംഗം പി. പി ശ്യാമളാ ദേവി എന്നിവര്‍ സന്ദര്‍ശിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ അങ്കണവാടി അധ്യാപിക സുമതി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.
വളരെ അപകടാവസ്ഥയിലുള്ള ഇത്തരം അങ്കണവാടികളില്‍ കുട്ടികളെ നിലനിര്‍ത്താനാവില്ലെന്നും വലിയൊരു നഷ്ടമാണ് ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നതെന്നും സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ. വി മനോജ് കുമാര്‍ പറഞ്ഞു. വളരെ അശ്രദ്ധമായി കൈകാര്യം ചെയ്ത ഈ കെട്ടിടത്തിന്‍റെ നഷ്ടം ഈടാക്കാനുള്ള നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ജില്ലാ ശിശുവികസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്തിന്‍റെ പദ്ധതിയില്‍ 15 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച അങ്കണവാടി കെട്ടിടമാണ് ഉടുമ്പന്തലയിലേത്. അങ്കണവാടിയുടെ ചുമരില്‍ അപകടകരമാകും വിധം വിധം വിള്ളല്‍ വീണിട്ടുണ്ട്. മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അങ്കണവാടിയുടെ ദുരവസ്ഥ അറിഞ്ഞ ബാലവകാശ കമ്മീഷന്‍ നേരിട്ടാണ് പരിശോധനയ്ക്ക് എത്തിയത്.
15 ഓളം കുട്ടികളാണ് ഈ അങ്കണവാടിയില്‍ പഠിക്കുന്നത്. ജില്ലാ പഞ്ചായത്തിന് ശിശു പ്രിയ അങ്കണവാടികളില്‍ ഒന്നാണിത്. ഉദ്ഘാടനത്തിനു മുന്നേ കെട്ടിടത്തിന് തെക്കുവശത്ത് ചുവരുകളില്‍ വിള്ളല്‍ വീഴുകയും അന്ന് പ്ലാസ്റ്റര്‍ ഒട്ടിച്ചാണ് ഉദ്ഘാടനത്തിനായി കെട്ടിടം സജ്ജമാക്കിയത്. തുടര്‍ന്ന് വിള്ളലുകള്‍ കൂടിവരികയും ഇതിലൂടെ നോക്കിയാല്‍ മറുവശം കാണാവുന്ന സ്ഥിതിയിലാണ്. തെക്കു വശത്ത് സ്ഥിതിചെയ്യുന്ന ടോയ്ലറ്റും വിണ്ടുകീറിയ നിലയിലാണ്. കുട്ടികളെ ഇരുത്തുന്ന മെയിന്‍ ഹാളില്‍ ടൈലുകള്‍ ഇളകിയിട്ടുണ്ട് . കൂടാതെ മെയിന്‍ ഹാളില്‍ ചുവരും നനഞ്ഞ് ഒലിക്കുന്നു.
