മംഗലാപുരത്തേക്ക് ദിവസേന പോയിവരാന്‍ അനുവദിക്കില്ല; കാസര്‍കോട് ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം തടയാന്‍ ശക്തമായ നടപടി: മന്ത്രി ഇ. ചന്ദ്രശേഖരന്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing മംഗലാപുരത്തേക്ക് ദിവസേന പോയിവരാന്‍ അനുവദിക്കില്ല; കാസര്‍കോട് ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം തടയാന്‍ ശക്തമായ നടപടി: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചതായി റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജോലി ആവശ്യാര്‍ത്ഥം ജില്ലയില്‍ നിന്ന് മംഗലാപുരത്തേക്ക് ദിവസേന പോയിവരാന്‍ അനുവദിക്കില്ല. കര്‍ണ്ണാടകയില്‍ ജോലി ചെയ്യുകയാണെങ്കില്‍, അവിടെ ചുരുങ്ങിയത് 28 ദിവസം താമസിച്ച് ജോലി ചെയ്യണം.

കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ വന്ന് ദിവസവും ജോലി ചെയ്യുന്നവരും ചുരുങ്ങിയത് 28 ദിവസം ഇവിടെ താമസിച്ച് ജോലി ചെയ്യണം.ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഈ തീരുമാനം ബാധകമാണ്. ഞായറാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചതിനാലാണ് മഞ്ചേശ്വരം അതിര്‍ത്തി മേഖലയില്‍ ശക്തമായ നിയന്ത്രണം കൊണ്ടുവരുന്നതിന് ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ഏകകണ്ഠമായി തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. അതിര്‍ത്തികളിലെ റോഡുകളില്‍ പഞ്ചായത്തു ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും മൂന്ന് വീതം ജീവനക്കാരെ നിയോഗിക്കുകയും ചെയ്യും. പഞ്ചായത്തും ജില്ലാഭരണകൂടവും പോലീസും തീരുമാനിക്കുന്ന റോഡിലൂടെ മാത്രം യാത്ര അനുവദിക്കും. മറ്റ് റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും.യാത്ര അനുവദിക്കുന്ന റോഡുകളില്‍ കര്‍ശനമായ പോലീസ് നിരീക്ഷണം ഉണ്ടാകും.

അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് ദക്ഷിണ കന്നഡയിലെ തൊട്ടടുത്ത പ്രദേശത്ത് അടിയന്തിര സാഹചര്യത്തില്‍ നടന്ന് പോകേണ്ട സാഹചര്യം ഉണ്ടായാല്‍ അതിര്‍ത്തി റോഡില്‍ ആധാര്‍ ഉള്‍പ്പെടുള്ള പരിശോധന ഉണ്ടാകും. ഇതിനായി തൊട്ടടുത്ത പഞ്ചായത്തുമായി ചര്‍ച്ച നടത്തി ധാരണയിലെത്താന്‍ മഞ്ചേശ്വരം മേഖലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരോട് യോഗം നിര്‍ദേശിച്ചു.ജില്ലയിലെ നിലവിലെ സ്ഥിതി ഗതികളെപ്പറ്റിയുള്ള വിവരം ജില്ലാകളക്ടര്‍ ഡോ. ഡി. സജിത് ബാബുവും ജില്ലാ പോലീസ് മേധാവി ഡി. ശില്പയും യോഗത്തില്‍ വിശദീകരിച്ചു.

ശാരീരിക അകലം പാലിക്കാതെ കൂട്ടം കൂട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍ പോലീസിനെ യോഗം ചുമതലപ്പെടുത്തി.മാസ്‌ക് ധരിക്കാതെയും,ശാരിരിക അകലം പാലിക്കാതെയും, സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകഴുകാതെയുമുള്ള കൂട്ടംകൂടലുകള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തും.

0Shares