
കാസര്‍കോട്: ഡി.ശില്‍പ്പ ഐ.പി.എസിനെ കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. നിലവിലുള്ള ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനെ ആലപ്പുഴയിലേക്ക് മാറ്റി. കാസര്‍കോട്ടെ ആദ്യ വനിതാ ജില്ലാ പോലീസ് മേധാവിയാണ് 35 കാരിയായ ഡി.ശില്പ. 2016 ഐ.പി.എസ് ബാച്ചില്‍പ്പെട്ട ശില്‍പ്പ കർണാടക സ്വദേശിനിയാണ്.
ഹാസ്സനിൽനിന്ന് ബി.ടെക്കും ബെംഗളൂരുവിൽനിന്ന് എം.ബി.എയും കഴിഞ്ഞ് ടാറ്റാ കൺസൾട്ടൻസി സർവീസിൽ ബിസിനസ് അനലിസ്റ്റായിരുന്ന ഈ ബെംഗളൂരുകാരി വിദേശ രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഐ.ടി മേഖലയിലെ ജോലി രാജിവെച്ചാണ് സിവിൽ സർവീസ് മേഖലയിലേക്ക് തിരിഞ്ഞത്. 2009ലായിരുന്നു വിവാഹം. 2012ൽ ഒരു പെൺകുട്ടിയുടെ അമ്മയായതിന് ശേഷമാണ് ഭർത്താവിൻ്റെ പിന്തുണയോടെ സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുത്ത്. ആദ്യശ്രമം ഫലം കണ്ടില്ലെങ്കിലും കഠിനമായ പ്രയത്നത്തിനൊടുവിൽ 2016 ൽ കടമ്പ കടന്നു.
ഹൈദരാബാദിലെ ഐ.പി.എസ് ട്രെയിനിങ് പൂർത്തിയാക്കിയ ശില്പ തൃശ്ശൂരിലും പരിശീലനം നേടിയിട്ടുണ്ട്. പിന്നീട് കാസർകോട് എ.എസ്.പി ആയിട്ടായിരുന്നു സ്വതന്ത്ര ചുമതല ആരംഭിക്കുന്നത്. മലയാളത്തിന് പുറമെ കന്നഡ സംസാരിക്കുന്ന ഉദ്യോഗസ്ഥ എന്ന നിലയിൽ ഡി.ശില്പക്ക് കാസർകോട് മഞ്ചേശ്വരം ഭാഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാനായിരുന്നു. അതിനാൽ തന്നെ കാസർകോടിൻ്റെ സ്വഭാവം നന്നായി മനസ്സിലാക്കിയിട്ടുണ്ട് ഈ വനിതാ ഉദ്യോഗസ്ഥ. നിലവിൽ വനിതാ പോലീസ് ബറ്റാലിയൻ കമാൻണ്ടന്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു. ഒന്നാംഘട്ട ലോക് ഡൗണ്‍ സമയം കോവിഡ് നിയന്ത്രണ പ്രവർത്തങ്ങളുടെ ഭാഗമായി ഐ.ജി വിജയ് സഖാറയുടെ പ്രത്യേക ടീമിൽ കാസർകോട് ജില്ലയുടെ ചുമത്ത വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥരിൽ ഡി.ശില്പയും ഉണ്ടായിരുന്നു.
