
കെ റെയിലിനെതിരെ വിമർശനവുമായി കവിതയെഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ വ്യാപക സൈബര്‍ ആക്രമണം. റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്ന് ആരോപിച്ചാണ് സൈബര്‍ ആക്രമണം. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ കെ റെയിലിനെ ന്യായീകരിച്ചുള്ള സി.പി.എം പരിപാടികള്‍ നടക്കുന്നതിനിടയിലാണ് പദ്ധതിയെ പറ്റി ആശങ്ക വ്യക്തമാക്കുന്ന കവിത റഫീഖ് അഹമ്മദ് സമൂഹമാധ്യമങ്ങളില്‍ എഴുതിയത്.

അതേസമയം കവിക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ എഴുത്തുകാരി സാറ ജോസഫ് അടക്കമുള്ളവര്‍ രംഗത്തെത്തി. ഇതിന് പിന്നാലെ തറയുള്ള മുനയുള്ള ചോദ്യങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ലെന്ന് റഫീഖ് അഹമ്മദ് വീണ്ടും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സൈബര്‍ ആക്രമണം നടത്തുന്നവരോട് ഉള്ളത് കരുണ മാത്രമാണെന്നും റഫീഖ് അഹമ്മദ് വിശദമാക്കുന്നു. ഇതൊരു ജനാധിപത്യരാജ്യമാണ്. അഭിപ്രായം പറയാനുള്ള അവകാശം എല്ലാവര്ക്കും തുല്യമാണ്. തെറികൊണ്ട് വാമൂടിക്കെട്ടിയാല്‍ സത്യം നുരഞ്ഞു പൊങ്ങാതിരിക്കില്ലെന്നാണ് റഫീഖ് അഹമ്മദിന് പിന്തുണ പ്രഖ്യാപിച്ച് സാറ ജോസഫ് വിശദമാക്കുന്നത്.
