കുസാറ്റ് ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെ; സർക്കാര്‍ നിർദ്ദേശങ്ങളും ഹൈക്കോടതി ഉത്തരവും ലംഘിച്ചു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കുസാറ്റ് ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെ; സർക്കാര്‍ നിർദ്ദേശങ്ങളും ഹൈക്കോടതി ഉത്തരവും ലംഘിച്ചു

തിരുവനന്തപുരം: നാലുപേരുടെ മരണത്തിനടയാക്കിയ കൊച്ചി കുസാറ്റ് ക്യാമ്പസിലെ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് കണ്ടെത്തല്‍. സർക്കാരിൻ്റെ നിർദ്ദേശങ്ങളും ഹൈക്കോടതി ഉത്തരവും ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോളജ്‌ ക്യാമ്പസുകളിൽ പ്രൊഫഷണൽ ഗ്രൂപ്പുകളുടെ പരിപാടികൾക്ക് അനുമതിയില്ല എന്നിരിക്കെയാണ് ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത നിശ സംഘടിപ്പിച്ചത്.

പരിപാടിയ്ക്ക് പുറത്തു നിന്ന് ആളുകളെ കയറ്റിയതും നിയമ വിരുദ്ധമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ 2015ലെ സർക്കുലർ ആണ് ലംഘിച്ചത്. ഇത് കർശനമായി പാലിക്കണം എന്ന ഹൈക്കോടതി ഉത്തരവും മറി കടന്നു.

2015ലെ തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ അപകട പശ്ചാത്തലത്തിൽ ആയിരുന്നു സർക്കുലർ പുറത്തിറക്കിയത്.

അതേസമയം, കുസാറ്റിൽ തിക്കും തിരക്കും മൂലമുണ്ടായ അപകടത്തിൽപ്പെട്ട രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റ ഇരു വിദ്യാർത്ഥികളും വെന്റിലേറ്ററിലാണ്. അപകടത്തിൽ മരിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശി സാറ തോമസിൻ്റെ സംസ്കാരം ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു.

എറണാകുളം പറവൂർ സ്വദേശി ആൻ റിഫ്‌നയുടെ സംസ്കാരം വിദേശത്തുള്ള മാതാവ് തിരിച്ചെത്തിയ ശേഷം നടക്കും. അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന രണ്ട് ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷമാണ് തുടർനടപടി ഉണ്ടാകും. ഉപസമിതി യോഗം തിങ്കളാഴ്‌ച ചേർന്നു.

0Shares