
കാസര്‍കോട്: പ്രീപ്രൈമറി കുട്ടികളെ സ്വീകരിക്കാന്‍ കൗതുകങ്ങളുടെ കളിമൂലകളൊരുക്കി കാസര്‍കോട് ബി.ആര്‍.സി. സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ പ്രീ സ്‌കൂളുകളിലെ ആക്ടിവിറ്റി കോര്‍ണറുകളുടെ ഉപജില്ലാതല ഉദ്ഘാടനം അടുക്കത്ത്ബയല്‍ ഗവ. യു.പി സ്‌കൂളില്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ നിര്‍വ്വഹിച്ചു.

കാസര്‍കോട് ബി.ആര്‍.സി പരിധിയിലെ 11 അംഗീകൃത പ്രീപ്രൈമറികളിലാണ് പഠനാനുഭവം ആഹ്ലാദകരമാക്കാന്‍ കളിമൂലകളൊരുങ്ങിയത്. സമഗ്ര ശിക്ഷയുടെ പ്രത്യേക ഫണ്ടുപയോഗിച്ച് ഉപജില്ലയിലെ പ്രീപ്രൈമറി അധ്യാപകരുടെയും പ്രവൃത്തിപരിചയ അധ്യാപികമാരുടെയും കൂട്ടായ്മയിലാണ് വ്യത്യസ്ത കോര്‍ണറുകള്‍ വിദ്യാലയങ്ങളില്‍ സജ്ജീകരിച്ചത്.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ രജനി അധ്യക്ഷത വഹിച്ചു. കാസര്‍കോട് എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ്, മായിപ്പാടി ഡയറ്റ് ഫാക്കല്‍റ്റി ഡോ. വിനോദ്കുമാര്‍ പെരുമ്പള, വാര്‍ഡ് കൗണ്‍സിലര്‍ അശ്വനി നായക്ക്, പ്രഥമാധ്യപിക കെ.എ യശോദ, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രന്‍, റോഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ടി. കാസിം സ്വാഗതവും പ്രീ പ്രൈമറി അധ്യാപിക ശൈലജ നന്ദിയും പറഞ്ഞു.
