
തിരുവനന്തപുരം: എസ്.എഫ്.ഐയില്‍ അഴിച്ചുപണി നടത്താൻ സി.പി.എം ശ്രമം. കര്‍ശന നിരീക്ഷണം നടത്താന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. അടുത്തമാസം പഠന ക്യാമ്പ് നടത്തും. പ്രായപരിധി കടുപ്പിച്ചത് തിരിച്ചടിച്ചെന്നും വിലയിരുത്തലുണ്ട്.
സി.പി.എമ്മിലെ ചില നേതാക്കള്‍ എസ്.എഫ്.ഐയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേര്‍ക്കും സംഘടനയുടെ ഇപ്പോഴത്തെ പോക്കില്‍ അതൃപ്‌തിയുണ്ട്. കര്‍ശനമായ തിരുത്തല്‍ നടപടികള്‍ എസ്.എഫ്.ഐയില്‍ അടിയന്തരമായി നടപ്പാക്കണം എന്ന ആവശ്യവും ചില നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്
കെ.വിദ്യ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് വിവാദം
മഹാരാജാസ് കോളേജ് വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതയായ കെ.വിദ്യ മുമ്പും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍. മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിനിയായിരുന്നു കാസര്‍കോട് സ്വദേശി വിദ്യ.കെ.

2018 മുതല്‍ 2021 വരെ മഹാരാജാസ് കോളേജില്‍ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ ഉപയോഗിച്ചത്. പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉള്‍പ്പെടുത്തി ഉണ്ടാക്കിയെടുത്ത സര്‍ട്ടിഫിക്കറ്റിൻ്റെ പകര്‍പ്പാണ് വിദ്യ പാലക്കാട് അട്ടപ്പാടി ഗവ. കോളജിലെ താല്‍കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകര്‍ മഹാരാജാസ് കോളേജില്‍ വിവരം അറിയിച്ചതോടെ സംഭവം പുറത്തായി.
നിഖില്‍ വ്യാജ ഡിഗ്രി വിവാദം.
എസ്.എഫ്.ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് കലിംഗ സര്‍വകലാ ശാലയില്‍നിന്നുള്ള വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എം.എസ്.എം കോളേജില്‍ എം.കോമിന് പ്രവേശനം തേടാൻ ശ്രമിച്ച സംഭവമാണ് വിവാദമായത്. ഈ സംഭവത്തില്‍ സി.പി.എമ്മും എസ്.എഫ്.ഐയും പ്രതിരോധത്തിലാണ്. സിൻഡിക്കേറ്റംഗമായ ആലപ്പുഴയിലെ സി.പി.എം നേതാവാണ് നിഖിലിന് പ്രവേശനം നല്‍കാൻ കോളേജില്‍ ശുപാര്‍ശ ചെയ്‌തതെന്നാണ് വിവരം.
കാട്ടക്കാട യു.യു.സി ആള്‍മാറാട്ടം തുടങ്ങിയവ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. പാര്‍ട്ടിക്കുള്ളിലും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കിടയിലും ഉണ്ടായിട്ടുള്ള സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണ് സി.പി.എം നേതൃത്വം സ്വീകരിച്ചു വരുന്നത്.
