
ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമി പ്രത്യയശാസ്ത്രമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. എം.എം ഹസൻ-കുഞ്ഞാലിക്കുട്ടി-അമീർ കൂട്ടുകെട്ടാണ് യു.ഡി.എഫിന് നേതൃത്വം നൽകുന്നതെന്ന സി.പി.എം സെക്രട്ടറിയുടെ പ്രസ്താവന ബി.ജെ.പിയെ പോലും നാണിപ്പിക്കുന്നതാണെന്ന് മജീദ് പ്രതികരിച്ചു.

യു.ഡി.എഫിനെതിരായ ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ കക്ഷികളെ വോട്ടിനു വേണ്ടി തരാതരം ഉപയോഗിക്കുകയും ഇപ്പോഴും നിരവധി പഞ്ചായത്തുകളിൽ ഭരണം പങ്കിടുകയും ചെയ്യുന്ന സി.പി.എം സെക്രട്ടറിക്ക് യു.ഡി.എഫിനെതിരെ പ്രതികരിക്കാൻ യാതൊരു ധാർമിക അവകാശവുമില്ല.
വോട്ടിന് വേണ്ടി ജമാഅത്തെ ഇസ്ലാമിയെ നിരന്തരം പുകഴ്ത്തിയിരുന്ന സി.പി.എം സെക്രട്ടറിയാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി.
തീവ്രവാദത്തിനും വർഗീയതക്കുമെതിരായ മുസ്‌ലിംലീഗ് നിലപാടിന് കോടിയേരിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. അത് കേരളത്തിന്‍റെ പൊതുസമൂഹത്തിന് ബോധ്യമുള്ളതാണ്. രാജ്യത്തിനോ സമൂഹത്തിനോ ദോഷം ചെയ്യുന്ന ഒരു നീക്കവും ലീഗിന്‍റെ ഭാഗത്തുനിന്ന് ഒരുകാലത്തും ഉണ്ടായിട്ടില്ല. എന്നാൽ എല്ലാ കാലത്തും വർഗീയ കക്ഷികളെ വോട്ടിനു വേണ്ടി ഉപയോഗിച്ച സി.പി.എം ഇപ്പോൾ നടത്തുന്ന ചാരിത്ര പ്രസംഗം പരിഹാസ്യമാണെന്ന് കെ.പി.എ മജീദ് പറഞ്ഞു.
